• ഓവർസിയർക്കെതിരെ നടപടിയെടുക്കാത്തത് ദുർഭരണം, സെക്രട്ടറി കുറ്റക്കാരൻ
കൊച്ചി: സ്വകാര്യവഴി ഉടമയറിയാതെ കൊച്ചി കോർപ്പറേഷന്റെ ആസ്തി രജിസ്റ്ററിൽ ചേർത്തതിന് ഉടമയ്ക്ക് 25000 രൂപ നഷ്ടപരിഹാരം. കോർപ്പറേഷൻ സെക്രട്ടറിയും ഓവർസിയറും 25000 രൂപ പിഴയുമടയ്ക്കണം. പള്ളുരുത്തി സ്വദേശി പി.എസ്. ബാബു സുരേഷിന്റെ പരാതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ പി.ഡി. രാജന്റേതാണ് ഉത്തരവ്. ഭൂമി ആസ്തി രജിസ്റ്ററിൽ ചേർത്ത നടപടിയും റദ്ദാക്കി.
കൊച്ചി കോർപ്പറേഷനിൽ ഗ്രേഡ് 2 ഓവർസിയറായിരുന്ന കെ. സുകുവാണ് ഒന്നാം എതിർകക്ഷി. ഇപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിലാണ് ജോലിചെയ്യുന്നത്. കൃത്യവിലോപം കാട്ടിയിട്ടും അയാൾക്കെതിരെ നടപടിയെടുക്കാത്തതിനാണ് സെക്രട്ടറിക്ക് പിഴവിധിച്ചത്. ഈ വീഴ്ച ദുർഭരണത്തിന്റെ ഉദാഹരണമായും വിധിയിൽ വിലയിരുത്തുന്നു.
ബാബുസുരേഷും ഭാര്യ ഷീബയും വിദേശത്തായിരുന്നു. 2017ൽ ഭാര്യയുടെ വീട്ടിലേക്കുള്ള വഴി അയൽവാസിയായ രമേശ് ഷേണായിക്കുവേണ്ടി ഇവരുടെ അനുമതിയില്ലാതെ പൊതുവഴിയാക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
ഓംബുഡ്സ്മാൻ ഉത്തരവിൽ നിന്ന്
• ഷീബയുടെ വീട്ടിലേക്കുള്ള വഴി പൊതുവഴിയൊണെന്ന അന്നത്തെ കൗൺസിലർ ശ്രീജ പ്രേംസാഗറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെന്ന് ഓവർസിയർ കെ. സുകു കള്ളറിപ്പോർട്ട് നൽകി.
• ആസ്തി രജിസ്റ്ററിൽ എഴുതാനുള്ള അധികാരം സെക്രട്ടറിക്ക് മാത്രമായിരിക്കെ പൊതുവഴിയെന്ന് സുകു രേഖപ്പെടുത്തി.
• 2.6മീറ്റർവഴിയിൽ മറ്റാർക്കും അവകാശമില്ലെന്ന് കൊച്ചി മുൻസിഫ് കോടതിയുടെ വിധിയുണ്ട്.
• കൊച്ചി താലൂക്ക് സർവേയറും ഷീബയുടെവഴി സ്വകാര്യസ്വത്താണെന്ന് റിപ്പോർട്ട് നൽകി.
• ബാബുസുരേഷിന്റെ പരാതിയിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
കീറാമുട്ടിയായ വഴിപ്രശ്നം
3.9മീറ്റർ വഴിയിൽ 2.6മീറ്റർ ഷീബയുടെ സ്വകാര്യസ്വത്താണ്. 1.3മീറ്ററാണ് മൂന്നു വീട്ടുകാർ നടവഴിയായി ഉപയോഗിക്കുന്നത്. അവർക്ക് ഈ പ്രശ്നവുമായി ബന്ധമില്ല. മറ്റൊരു സമീപവാസി ഈ വഴി ഉപയോഗപ്പെടുത്താൻ നടത്തിയ ശ്രമാണ് കേസിന് ആധാരം. ആസ്തിരജിസ്റ്റർ പരിശോധിക്കാൻ ചെന്ന ബന്ധുക്കളായ സ്ത്രീകളോട് കോർപ്പറേഷൻ ഓഫീസിലെ ഓവർസിയർമാരായ സുകു, സുരേഷ്, അനിൽ എന്നിവർ അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് ഷീബ എംബസിവഴി പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് തിരക്കിട്ട് 2.6ഏക്കർ അനധികൃതമായി ആസ്തി രജിസ്റ്ററിൽ ചേർത്തതത്രെ. ഈ ഫയലും മുക്കിയെന്നാണ് സൂചന.