ആലുവ: എടയപ്പുറം ടൗൺഷിപ്പ് റോഡിൽ കെ.എസ്.ഇ.ബിയുടെ ഏരിയൽ ബെഞ്ച്ഡ് കേബിൽ (എ.ബി.സി) ചുറ്റിവരുന്ന ഡ്രം വാഹനയാത്രികർക്ക് അപകടഭീഷണിയായിട്ടും നീക്കുന്നില്ലെന്ന് പരാതി. ഒന്നര മാസത്തിലേറെയായി വീതി കുറഞ്ഞ റോഡരികിൽ സൂക്ഷിച്ചിരിക്കുകയാണ്.
11 കെ.വി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായിട്ടാണ് എ.ബി.സി എത്തിച്ചത്. ഇതിനായി നിലവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകളെല്ലാം മാറ്റി ഉയരക്കൂടുതലുള്ളവ സ്ഥാപിച്ചിട്ടും മാസങ്ങളായി. കേബിൾ മാത്രം മാറ്റുന്ന ജോലി മുടങ്ങി കിടക്കുകയാണ്.
തൊഴിലാളികളില്ല
കരാറുകാരന്റെ അന്യസംസ്ഥാനക്കാരായ ജോലിക്കാരെല്ലാം നാട്ടിൽ പോയിരിക്കുകയാണെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന വിശദീകരണം. അടുത്തയാഴ്ച്ച പണി പുനരാരംഭിക്കുമെന്ന് കെ.എസ്.ഇ.ബി ആലുവ ടൗൺ അസി. എൻജിനിയർ ഷിബു 'കേരളകൗമുദി'യോട് പറഞ്ഞു.
താരതമ്മ്യേന തിരക്ക് കുറഞ്ഞ റോഡായതിനാലും വളവുകളില്ലാത്ത റോഡായതിനാലും വാഹനങ്ങളെല്ലാം വേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്.
അപകടസാദ്ധ്യതയേറെ
എടയപ്പുറത്ത് നിന്നും എളുപ്പത്തിലും ഗതാഗതകുരുക്കിൽപ്പെടാതെയും ആലുവയിലെത്താൻ കഴിയുന്ന വഴിയാതിനാൽ നിത്യേന നിരവധി വാഹനയാത്രികരും കാൽനട യാത്രികരുമെല്ലാം ആശ്രയിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ് എ.ബി.സി ചുറ്റിയ ഡ്രം സൂക്ഷിച്ചിട്ടുള്ളത്. ഉടൻ പണി പുനരാരംഭിക്കുന്നില്ലെങ്കിൽ ഡ്രം മറ്റ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.