കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി - ഇടപ്പള്ളി മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഉടൻ മേൽനോട്ട സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ ഭാരവാഹനങ്ങൾ പകൽ വഴി തിരിച്ചുവിടുന്നത് ഉൾപ്പെടെ കമ്മിറ്റി പരിശോധിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് തുടരും. നടപടി സുപ്രീം കോടതിയും ശരിവച്ച സാഹചര്യത്തിലാണിത്.
അണ്ടർപാസുകളുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലുൾപ്പെടെ ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് ആവശ്യമായ നടപടികൾ മോണിറ്ററിംഗ് കമ്മിറ്റി സ്വീകരിക്കണം. ജനപ്രതിനിധികളെയും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കേണ്ടത്.
കരാറുകാരായ നാമക്കൽ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയെ ഹർജിയിൽ കക്ഷി ചേർക്കാനും നിർദേശിച്ചു.
കഴിഞ്ഞദിവസം 12 മണിക്കൂർ ഗതാഗതം തടസപ്പെട്ടത് സുപ്രീം കോടതി എടുത്തു പറഞ്ഞിട്ടുണ്ടെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
ടോൾ പിരിവില്ലാത്തതിനാൽ ദേശീയപാത ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. യാത്രക്കാർ നേരിടുന്ന പ്രശ്‌നം വിലയിരുത്തി മേൽനോട്ട സമിതി ഇടക്കാല ട്രാഫിക് മാനേജ്‌മെന്റ് പ്ലാനുണ്ടാക്കണം. വലിയ ഭാരവാഹനങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് ആറു വരെ വഴി തിരിച്ചുവിടുന്നത് പരിശോധിച്ചു തീരുമാനമെടുക്കണം. വഴിതിരിച്ചു വിടുന്ന റോഡുകളും നന്നാക്കണം. കമ്മിറ്റി എല്ലാ ആഴ്ചയും യോഗം കൂടണമെന്നും റിപ്പോർട്ട് കോടതിയിൽ നൽകണമെന്നും നിർദ്ദേശിച്ചു.
തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ നൽകിയ ഹർജികളാണ് പരിഗണിച്ചത്.