പറവൂർ: ഭാര പരിശോധന നടത്താതെ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചാത്തനാട്‌വലിയ കടമക്കുടി പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചു. 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പാലത്തിന്റെ സുരക്ഷ സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്.
ഏഴ് വർഷം നിർമ്മാണം നിലച്ചതിന് ശേഷം പുനരാരംഭിച്ചപ്പോൾ, പില്ലറുകളിൽ പുറത്തേക്ക് നീട്ടിയിട്ടിരുന്ന കമ്പികൾ തുരുമ്പെടുത്തിരുന്നു. ബലക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടി. പുറത്തേക്ക് നിൽക്കുന്ന 26 മില്ലീമീറ്റർ കമ്പി മുറിച്ച് മാറ്റി, പില്ലറിന്റെ കോൺക്രീറ്റ് ഒരു മീറ്റർ താഴ്ത്തി പൊട്ടിച്ച ശേഷം പുതിയ കമ്പികൾ പഴയ കമ്പികളുമായി വെൽഡ് ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ അനുമതി നൽകി. നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം ഭാഗത്ത് വെയ്റ്റ് ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. 2024 ഫെബ്രുവരിയിൽ ടെസ്റ്റിനായി 7.23 ലക്ഷം രൂപ അടയ്ക്കാൻ ജിഡ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ടെസ്റ്റ് നടത്താതെ തന്നെ നിർമ്മാണം പൂർത്തിയായെന്ന് ജിഡ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു.
എതിർപ്പുമായി കത്ത് നൽകി
വെയ്റ്റ് ടെസ്റ്റ് നടത്താതെ പാലം തുറന്നുകൊടുക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉദ്ഘാടനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ജനങ്ങൾ നിരാശയിൽ
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം നിർമ്മാണം പൂർത്തിയായത്. ഓണത്തിന് പാലം തുറക്കുമെന്ന പ്രതീക്ഷയിലായിരുന്ന ദ്വീപ് നിവാസികൾക്ക് ഈ തീരുമാനം നിരാശയുണ്ടാക്കി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഉദ്ഘാടനം വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഒന്നര വർഷം മുൻപ് വെയ്റ്റ് ടെസ്റ്റ് നടത്താൻ കത്ത് ലഭിച്ചിട്ടും മനപ്പൂർവ്വം മറച്ചുവച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.