കൊച്ചി: തുടർച്ചയായ രണ്ടാം തവണയും പങ്കെടുത്ത രണ്ടു ഇനങ്ങളിലും സ്വർണവുമായി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിനി അഞ്ജലി പി. ജോഷി.
അണ്ടർ 19 വിഭാഗത്തിൽ 100, 200 മീറ്ററുകളിലാണ് സ്വർണ നേട്ടം. ആദ്യദിനത്തിൽ 100 മീറ്ററിൽ കരിയർ ബെസ്റ്റായ 12.71സെക്കൻഡിനോട് കിടപിടക്കുന്ന മികവോടെയാണ് (13.00സെക്കൻഡ്) അഞ്ജലി സ്വർണം നേടിയത്.
ഇന്നലെ 200 മീറ്ററിൽ 27.5എന്ന കരിയർ ബെസ്‌റ്റോടെ സ്വർണം. കഴിഞ്ഞ വർഷം അണ്ടർ 17 വിഭാഗത്തിലായിരുന്നു മെഡൽ നേട്ടങ്ങളെന്നത് മാത്രമാണ് വ്യത്യാസം.
4 -ാം ക്ലാസ് മുതൽ സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിൽ സ്ഥിരസാന്നിദ്ധ്യമാണ് അഞ്ജലി.
അച്ഛൻ പി.വി. ജോഷി ഷെഫ് ആണ്. ജില്ലാ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കെ.എ. ഷിനിയാണ് അമ്മ. ആകാശാണ് സഹോദരൻ.