* 26നകം പൂർത്തിയായില്ലെങ്കിൽ എൻജിനിയർമാർ ഹാജരാകണം

കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം 26നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകി. തുടർന്ന് ഏതെങ്കിലും റോഡുകൾ ശോചനീയാവസ്ഥയിൽ കണ്ടാൽ ബന്ധപ്പെട്ട എൻജിനിയർമാരെ വിളിച്ചുവരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

മഴശമിച്ചതോടെ എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി ഊർജിതമാണെന്ന് പൊതുമരാമത്ത് വകുപ്പും കോർപ്പറേഷനും അറിയിച്ചു. തങ്ങളുടെ ചുമതലയിലുള്ള കലൂർ -കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാറായെന്ന് ജി.സി.ഡി.എയും അറിയിച്ചു. എന്നാൽ ചെറിയ പുരോഗതി മാത്രമാണ് കാണുന്നതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി ഇക്കാര്യത്തിൽ റിപ്പോർട്ട് തേടി.

തൃശൂരിൽ റോഡിലെ കുഴിയിൽവീണ് യുവാവ് മരിച്ച സംഭവത്തിലടക്കം കൃത്യമായ റിപ്പോർട്ട് ഇനിയും സമർപ്പിച്ചിട്ടില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുന്നതJവരെ ക്ഷമ പാലിക്കുകയാണെന്നും കോടതി പറഞ്ഞു. പാലക്കാട് പിതാവിനൊപ്പം സഞ്ചരിക്കുമ്പോൾ തെറിച്ചുവീണ ബാലിക ബസ് കയറി മരിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ തേടുകയും ചെയ്തു.