കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മില്ലുങ്കിൽ റോഡിൽ മൂന്നാഴ്ചയായി പൊടി ശല്യം രൂക്ഷം. ആശുപത്രിയിൽ പോകാൻ ബസ് കാത്തു നിൽക്കുന്നവരും വിദ്യാർത്ഥികളുമടക്കം പൊടി ശല്യത്താൽ വലയുകയാണ്. റോഡിലെ ടാറിംഗ് വൈകുന്നതാണ് ദുരവസ്ഥയ്ക്ക് കാരണം. മില്ലുങ്കൽ തോടിനോട് ചേർന്ന് മെറ്റൽ റോളിംഗ് ചെയ്തിരിക്കുന്ന ഒരു കിലോമീറ്റർ ഭാഗത്താണ് പൊടി ശല്യം അതിരൂക്ഷം. കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട കുഴികൾ അടയ്ക്കാൻ കരാറുകാരൻ എത്തുന്നത് ഒഴിച്ചാൽ ടാറിംഗ് അനന്തമായി നീളുകയാണ്. മെറ്റലുകൾ ഇളകി ചിതറി കിടക്കുന്നതിനാൽ ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
റോഡ് ഉയർത്തി 800 മീറ്റർ ദൂരം ഇന്റർലോക്ക് കട്ടവിരിക്കാനും ബാക്കി ഭാഗത്ത് ടാറിംഗ് നടത്താനും മൂന്നു കോടി രൂപ വകയിരുത്തിയിട്ട് മാസങ്ങളായി.
ഏപ്രിൽ 23 മുതൽ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചുവെങ്കിലും നിർമ്മാണ പ്രവൃത്തികൾ നടന്നിരുന്നില്ല. ഇതിനിടയിൽ റോഡരികിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് കോടതിയിൽ കേസും വന്നതോടെ നിർമ്മാണം പൂർണമായും നിലച്ചു. മരം മുറിച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കോടതി അനുമതി ലഭിച്ചതോടെ കാലവർഷവും എത്തി.
മഴ കുറഞ്ഞ് വെയിൽ വന്നതോടെയാണ് റോഡിൽ പൊടിശല്യം രൂക്ഷമായത്. വാഹനങ്ങൾ കടന്നു പോകുന്നതോടെ പ്രദേശമാകെ പൊടിയിൽ അമരുകയാണ്. പരിസരത്തെ പല കടകളും തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ച് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണം. മഴ മാറുന്നതിന് അനുസരിച്ച് നിർമ്മാണം വേഗത്തിലാക്കി ജനങ്ങളുടെ ആശങ്കകൾക്ക് പൊതുമരാമത്ത് വകുപ്പ് പരിഹാരം ഉണ്ടാക്കണം.
കെ. എ. മുകുന്ദൻ
പ്രസിഡന്റ്
എഡ്രാക്
ആമ്പല്ലൂർ മേഖല