കൊച്ചി: മറൈൻഡ്രൈവ് മൈതാനത്ത് പാർക്കുചെയ്ത സ്കൂട്ടർ മോഷണം പോയി. മട്ടാഞ്ചേരി സ്വദേശിയും ബോട്ടുടമയുമായ ദാവൂദ് സേട്ടിന്റെ സ്കൂട്ടറാണ് നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 2നാണ് മൈതാനത്ത് മദ്ധ്യഭാഗത്തെ ഗേറ്റിനടുത്ത് സ്കൂട്ടർവച്ചത്. തുടർന്ന് ബോട്ടുടമയും സഹായിയും ചേർന്ന് സ്കൂട്ടറിൽ നിന്ന് സാധനവുമെടുത്ത് ബോട്ടിലേക്ക് പോയി. താക്കോൽ സ്കൂട്ടറിൽ തന്നെയായിരുന്നു. 2.20ന് തിരിച്ചെത്തിയപ്പോൾ സ്കൂട്ടറുണ്ടായിരുന്നില്ല. കൈലിധരിച്ച ഒരാൾ സ്കൂട്ടറുമായി പോകുന്നത് കണ്ടതായി മൈതാനത്ത് എക്സ്പോയുടെ പന്തൽ പൊളിച്ചുകൊണ്ടിരുന്ന ജീവനക്കാർ പറഞ്ഞു.

രണ്ടാഴ്ചമുമ്പ് മൈതാനത്ത് ഉടമസ്ഥൻ നോക്കി നിൽക്കേ യുവാവ് ബൈക്കുമായി കടന്നിരുന്നു. ബൈക്കുടമ മറ്റൊരു ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെ പിന്തുടർ‌ന്ന് ഗോശ്രീ പാലത്തിൽവച്ച് മോഷ്ടാവിനെ പിടികൂടി. ഓടിക്കൂടിയവർ മോഷ്ട‌ാവിനെ ‘കൈകാര്യം’ചെയ്താണ് സെൻട്രൽ പൊലീസിന് കൈമാറിയത്.