വൈപ്പിൻ: വൈപ്പിൻ സ്വകാര്യ ബസുകൾക്ക് ഗോശ്രീവഴി കൊച്ചി നഗരപ്രവേശം അനുവദിച്ചിട്ടും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് മൂലം ഓടാനാകുന്നില്ലെന്ന് ബസുടമകൾ. പുതിയ റൂട്ടുകൾക്ക് അപേക്ഷിച്ചവരിൽ നിന്ന് 21 ബസുകൾക്ക് നഗരം വഴി ഗതാഗതത്തിന് അനുവദിക്കുമെന്ന് ആർ.ടി.എ. വ്യക്തമാക്കിയിരുന്നു. ഇവയിൽ 8 ബസുകൾക്കാണ് പെർമിറ്റ് നൽകിയത്. ഇവയിൽ നാല് ബസുകൾക്ക് മാത്രമാണ് സമയക്രമം അനുവദിച്ച് നൽകിയത്. എന്നാൽ കുടുങ്ങാശ്ശേരി വൈറ്റില ഹബ്ബ്, അണിയൽ വൈറ്റില ഹബ്ബ്, അയ്യമ്പിള്ളി കലൂർ എന്നീ റൂട്ടുകളിലെ 4 ബസുകൾ പെർമിറ്റ് അനുവദിക്കപ്പെട്ടിട്ടും ടൈം ഷെഡ്യൂൾ നിശ്ചയിക്കാതെ ആർ.ടി.എ ബോർഡ് നീട്ടിക്കൊണ്ടു പോകുന്നതായി പെർമിറ്റ് ലഭിച്ച ബസുകളുടെ ഉടമകൾ പരാതിപ്പെടുന്നു. അടുത്ത മാസം ഒമ്പതിന് ആർ.ടി.എ ബോർഡ് കൂടുന്നുണ്ട്. അന്ന് ടൈം ഷെഡ്യൂൾ നിശ്ചയിക്കുമെന്ന് അറിയുന്നു.
ബോർഡ് യോഗത്തിൽ ബഹളം, നഷ്ടമെന്ന് ബസുടമകൾ
2022 ജനുവരിയിലാണ് പുതിയ റൂട്ടുകൾക്ക് ആർ.ടി.എ അപേക്ഷകൾ ക്ഷണിച്ചത്. ഈ വർഷം ജനുവരിയിലാണ് 8 ബസുകൾക്ക് പെർമിറ്റുകൾ നൽകിയത്. ഇതിൽ 4 ബസുകൾക്ക് ഇനിയും ടൈം ഷെഡ്യൂൾ നിശ്ചയിച്ചിട്ടില്ല. പെർമിറ്റ് അനുവദിച്ചാൽ ഒരു മാസത്തിനുള്ളിൽ ടൈം ഷെഡ്യൂൾ അനുവദിക്കേണ്ടതാണ്. ഇതിന് വേണ്ടിയുള്ള ഹിയറിംഗ് നീട്ടി കൊണ്ടു പോകുകയാണെന്ന് ബസുടമകൾ പറയുന്നു. അതേസമയം, ബോർഡ് യോഗത്തിൽ ബസുടമാസംഘം ഭാരവാഹികൾ ബഹളമുണ്ടാക്കിയതിനാലാണ് ബോർഡ് യോഗം അവസാനിപ്പിക്കേണ്ടി വന്നതെന്ന് പുതിയ ബസുടമകളായ സുധീർ, ഒ. വി.ബെന്നി, പി.ആർ.ഷിജു എന്നിവർ പറഞ്ഞു. ആരോപണം ബസുടമാ സംഘം പ്രസിഡന്റ് പി.കെ.ലെനിൻ നിഷേധിച്ചു.
ബസ് ഇല്ല എന്ന് പറഞ്ഞ് അപേക്ഷകർക്ക് 2024ൽ പെർമിറ്റ് നിഷേധിച്ചു. പിന്നീട് ഇവർ ബസുകൾ വാങ്ങി. ഈ ബസുകൾക്ക് മൂന്ന് മാസം കൂടുമ്പോൾ 24000 രൂപ ടാക്സ് അടക്കണം. ഓരോ വർഷവും 75000 രൂപ ഇൻഷുറൻസ് പ്രീമിയം അടക്കണം. വാങ്ങിയ ബസുകൾ ഓടാൻ അനുവാദമില്ലാതെ കിടക്കുമ്പോൾ ഉടമകൾ വൻ നഷ്ടം നേരിടുകയാണ്
ഇക്കാര്യം പുതിയ ജില്ലാ കളക്ടറെ നേരിൽകണ്ട് ബോദ്ധ്യപ്പെടുത്തിയപ്പോൾ ഉടൻ പെർമിറ്റ് നൽകാൻ ആർ ടി എ.അധികൃതർക്ക് നിർദ്ദേശം നൽകി. ഇതേതുടർന്ന് കൂടിയ ബോർഡ് യോഗത്തിലും ടൈം പെർമിറ്റ് നിശ്ചയിക്കാതെ പിരിഞ്ഞു.