bm
ബോംബ് ഭീഷണി ഉണ്ടായ സിവിൽ സ്റ്റേഷനിലെ ശിശു സംരക്ഷണ വകുപ്പ് ഓഫീസ്

കാക്കനാട്: സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ 8.40ന് ജില്ലാ ഓഫീസർ കെ.എസ്. സിനിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ‘ഉച്ചക്ക് 1.45ന് ബോംബ് പൊട്ടും" എന്ന സന്ദേശം വന്നത്. ഡി.എം.കെ എന്ന പേരിലാണ് ഇംഗ്ലീഷിൽ എഴുതിയ ഇ മെയിൽ അയച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

രാവിലെ 10.30ഓടെയാണ് സന്ദേശം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതും പൊലീസിനെ അറിയിച്ചതും. ഓഫിസിൽ നിന്ന് ജീവനക്കാർ പുറത്തിറങ്ങിയ ശേഷം ബോംബ് സ്‌ക്വാഡും തൃക്കാക്കര പൊലീസും പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കൾ കണ്ടെത്താനായില്ല.

സിവിൽസ്റ്റേഷനിൽ 2009 ജൂലായ് 10ന് ബോംബ് സ്ഫോടനമുണ്ടായിരുന്നു. പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ശിശു സംരക്ഷണ ഓഫീസുകൾക്കും സമീപകാലത്ത് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ബുധനാഴ്ച പറവൂരിൽ ബോംബ് ഭീഷണിയെ തുടർന്ന് കോടതി പ്രവർത്തനം 4 മണിക്കൂർ തടസപ്പെട്ടിരുന്നു.