കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ ട്വന്റി 20തീരുമാനം. ഭരണമേറ്റെടുത്ത പഞ്ചായത്തുകളിൽ സമസ്തമേഖലയിലും സമഗ്രവികസനം നടപ്പാക്കിയ ട്വന്റി 20 കോർപ്പറേഷനിലെ 76 ഡിവിഷനിലും മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.
സാമ്പത്തിക തലസ്ഥാനമായ കൊച്ചിയുടെ അവസ്ഥ പരമദയനീയമാണ്. ചെറിയ മഴപെയ്താൽപ്പോലും വെള്ളത്തിൽ മുങ്ങും. ഈ അവസ്ഥയ്ക്ക് മാറ്റംവരണം. വെള്ളക്കെട്ട് നിവാരണത്തിനായി കോടികൾ ചെലവഴിച്ചിട്ടും മാറിമാറി ഭരിച്ച മുന്നണികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
രാപ്പകൽ വ്യത്യാസമില്ലാതെ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുകയാണ് നഗരം.
സമസ്തമേഖലകളിലും വികസന, ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കിയാണ് അഴിമതിരഹിത ഭരണത്തിലൂടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 51 കോടിരൂപയുടെ നീക്കിയിരിപ്പുണ്ടായത്. കോർപ്പറേഷനിലും ഇതേ ട്വന്റി 20 മോഡൽ ഭരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
വാഗ്ദാനങ്ങൾ
• വെള്ളക്കെട്ട് പരിഹരിക്കും
• റോഡുകൾ ബി.എം ബി.സി നിലവാരത്തിലാക്കും
• കൊതുകുശല്യം ഇല്ലാതാക്കും
• മാലിന്യനിർമ്മാർജനം കാര്യക്ഷമമാക്കും