പറവൂർ: കോട്ടുവള്ളി സൗത്ത് പുളിക്കത്തറ ബെന്നിയുടെ ഭാര്യ ആശ (46)പുഴയിൽച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് റിട്ട. ഡ്രൈവർ പ്രദീപിന്റെ മകൾ ദീപയെ (38)പറവൂർ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി എറണാകുളം കലൂരിലെ ഭർത്താവിന്റെ സ്ഥാപനത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ദീപക്ക് ജാമ്യം അനുവദിച്ചു.
ആശ ആത്മഹത്യ ചെയ്തതിന് തലേന്ന് വീട്ടിലെത്തി പണം തിരികെ ചോദിച്ച് ബഹളമുണ്ടാക്കിയപ്പോൾ പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം മക്കളായ ദീപയും ദിവ്യയും ഉണ്ടായിരുന്നതായി ആശയുടെ ബന്ധുക്കളുടെ മൊഴിയുണ്ട്. നാല് പേർക്കുമെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്തത്. പ്രദീപും ബിന്ദുവും ദിവ്യയും ഒളിവിലാണ്.
ആശയും പ്രദീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പ്രദീപിൽ നിന്ന് ആശ പലിശക്ക് വൻതുക വാങ്ങിയ വിവരം അടുത്തിടെയാണ് ഭർത്താവ് ഉൾപ്പടെയുള്ള ബന്ധുക്കൾ അറിഞ്ഞത്. പണം ഏതുവിധത്തിൽ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് പൊലീസ്.