തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയ സി.ഐ.ടി.യു തൊഴിലാളികളുടേയും ബോട്ടുടമകളുടേയും സമരം പിൻവലിച്ചു. ഹാർബർ വ്യവസായസമിതി ചെയർമാൻ എ.എം നൗഷാദിന്റെ നേതൃത്വത്തിൽ ബോട്ടുടമകളും സി.പി.എൽ.യു, സി.ഐ.ടി.യു നേതാക്കളും പേഴ്‌സിൻനെറ്റ് തൊഴിലാളി യൂണിയൻ ഭാരവാഹികളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഹാർബറിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ധാരണയായത്.
തീരുമാനപ്രകാരം ഇന്നലെ ഹാർബറിൽ കച്ചവടം നടന്നു. ഗിൽനെറ്റ്, ട്രോൾനെറ്റ് ബോട്ടുകളിലെ മത്സ്യക്കച്ചവടമാണ് നടന്നത്. പേഴ്‌സിൻ നെറ്റ് ബോട്ടുകൾ ഇന്നുമുതൽ കടലിൽ ഇറങ്ങും.
മീൻ ഇറക്ക് വിഭാഗത്തിലെ തൊഴിലാളികളുടെ കൂലിയുമായി ബന്ധപ്പെട്ട് ബോട്ടുടമകൾ മുന്നോട്ടുവച്ച മൂന്ന് നിർദ്ദേശങ്ങൾ സംബന്ധിച്ച് യൂണിയൻ ചർച്ചചെയ്ത് തീരുമാനമെടുക്കാൻ ധാരണയായി. മറ്റ് വിഷയങ്ങളും ചർച്ചചെയ്ത് തീരുമാനമെടുക്കും. അതുവരെ ഹാർബറിന്റെ പ്രവർത്തനം തടസപ്പെടുന്ന യാതൊന്നും ഉണ്ടാകരുതെന്നും ധാരണയായി.
ഹാർബർ അടച്ചിട്ടതിനാൽ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുകയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹാർബർ വ്യവസായസമിതി വീണ്ടും അനുരഞ്ജന ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഫിഷറീസ് ഹാർബറിലെ മീൻ ഇറക്ക് വിഭാഗം തൊഴിലാളികളുടെ കൂലി തർക്കത്തെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
ചർച്ചയിൽ ബോട്ടുടമകളെ പ്രതിനിധീകരിച്ച് സി.എസ് യൂസഫ്, എം. മജീദ്, മനാഫ്, സി.ഐ.ടി.യു.സി.പി.എൽ.യു.യൂണിയനെ പ്രതിനിധീകരിച്ച് കെ.എം റിയാദ്, ബി. ഹംസ, ഷാജി, പേഴ്‌സിൻ നെറ്റ് ബോട്ട് മത്സ്യത്തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് ജാക്‌സൻ പൊള്ളയിൽ, മൈക്കിൾ എന്നിവരും പങ്കെടുത്തു.