തൃപ്പൂണിത്തുറ: ഭക്ഷണവുമായി അപ്പാർട്ടുമെന്റിലെത്തിയ പിതാവിനെ കത്തിക്ക് കുത്തിയ കേസിൽ മകനെ പൊലീസ് അറസ്റ്റുചെയ്തു. പള്ളിപ്പറമ്പ്കാവ് എം.കെ.കെ നായർ നഗർ ജേക്കബ്സ് എൻക്ലേവിൽ കിഴവനവീട്ടിൽ ഡിക്സൻ ആന്റണിയാണ് (51) അറസ്റ്റിലായത്. പിതാവ് ആന്റണിക്കാണ് (86) കുത്തേറ്റത്. അപ്പാർട്ടുമെന്റിൽ ഡിക്സന്റെ താമസസ്ഥലത്തുവച്ച് ബുധനാഴ്ച രാവിലെ 9.10ഓടെയായിരുന്നു സംഭവം.
ആന്റണിയുടെ കരച്ചിൽ കേട്ടെത്തിയ തൊട്ടടുത്തെ താമസക്കാർ
അറിയിച്ചതനുസരിച്ച് മറ്റുള്ളവരും എത്തിയെങ്കിലും ഡിക്സൻ കത്തിയുമായി നിൽക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ചെത്തിയ ആംബുലൻസ് ഡ്രൈവറെയും ഡിക്സൺ ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടുപിന്നാലെയെത്തിയ പൊലീസ് ഡിക്സനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിക്കേറ്റ ആന്റണിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് അപേക്ഷകൾ എഴുതിക്കൊടുക്കുന്ന ജോലിയാണ് ആന്റണിക്ക്. ഡിക്സൻ സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.