കൊച്ചി: എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ നേട്ടം അവകാശപ്പെട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും. 41 കോളേജുകളിൽ 34 ഇടത്തും യൂണിയൻ നേടിയെന്ന് എസ്.എഫ്.ഐ അവകാശപ്പെടുന്നു. 12 കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എതിരില്ലാതെ എസ്.എഫ്.ഐ യൂണിയൻ നേടിയിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന 29 കോളേജുകളിൽ 22 ഇടത്ത് വിജയിച്ചു. മഹാരാജാസ് കോളേജ്, ഗവ. ലാ കോളേജ്, സെന്റ് ആൽബർട്‌സ് കോളേജ്, കൊച്ചിൻ കോളേജ്, ഐരാപുരം എസ്.എസ്.വി കോളേജ് തുടങ്ങിയ കോളേജുകളിൽ എസ്.എഫ്.ഐ വൻവിജയം നേടി.
ആറ് ക്യാമ്പസുകളിൽ കെ.എസ്.യുവിൽനിന്നും ഒരിടത്ത് എംഎസ്എഫിൽനിന്നും യൂണിയൻ തിരിച്ചുപിടിച്ചു. കൊച്ചിൻ കോളേജ്, ഇടക്കൊച്ചി സിയന്ന കോളേജ്, മണിമലക്കുന്ന് ഗവ.കോളേജ്, തൃക്കാക്കര ഭാരതമാതാ കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ്, പിറവം ബി.പി.സി കോളേജ് എന്നീ ആറ് ക്യാമ്പസുകൾ കെ.എസ്.യുവിൽനിന്നും മൂവാറ്റുപുഴ ഇലാഹിയ കോളേജ് എം.എസ്.എഫിൽനിന്നും തിരിച്ചുപിടിച്ചെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.
* മുന്നേറ്റമെന്ന് കെ.എസ്.യു
ജില്ലയിൽ കെഎസ്.യുവിന് മുന്നേറ്റമുണ്ടാക്കാനായെന്ന് കെ.എസ്.യുവും അവകാശപ്പെട്ടു.
ശ്രീശങ്കരാ കോളേജ് കാലടി, എസ്.എച്ച് കോളേജ് തേവര, യു.സി കോളേജ് ആലുവ, നിർമ്മല കോളേജ് മൂവാറ്റുപുഴ, ഇന്ദിരാഗാന്ധി കോളേജ് നെല്ലിക്കുഴി കോതമംഗലം, ഭാരതമാതാ ലാ കോളേജ് ചൂണ്ടി, ഭാരതമാതാ ആർട്‌സ് കോളേജ് ചൂണ്ടി, അൽഅമീൻ കോളേജ് എടത്തല, സെന്റ് ആൻസ് കോളേജ് അങ്കമാലി എന്നിവ നിലനിറുത്തി. ജയഭാരത് കോളേജ് പെരുമ്പാവൂർ, എം.ഇ.എസ് കോളേജ് മാറമ്പിള്ളി, കെ.എം.എം കോളേജ് കുമ്പളം, എം.ഇ.എസ് കോളേജ് എടത്തല എന്നിവ എസ്എഫ്‌ഐയുടെ കൈയിൽനിന്ന് തിരിച്ചുപിടിച്ചെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലയിൽ മത്സരം നടന്ന ക്യാമ്പസുകളിൽ 14 ഇടത്ത് കെ.എസ്.യു യൂണിയൻ നേടിയെന്നും ഭാരവാഹികൾ പറഞ്ഞു.