linil-kumar
ലിനിൽകുമാർ

കൊച്ചി: കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടെ സ്ത്രീയുടെ ദേഹത്ത് പന്ത് തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ക്രിമിനൽകേസ് പ്രതിക്ക് കുത്തേറ്റ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പനങ്ങാട് എം.എൽ.എ റോഡ് കിഴപ്പിള്ളിൽവീട്ടിൽ ലിനിൽകുമാറാണ് (47) പൊലീസിന്റെ പിടിയിലായത്.

സ്റ്റേഷനിലെ റൗഡിപട്ടികയിൽപ്പെട്ട പനങ്ങാട് അരിയശേരി വീട്ടിൽ ജിത്തുവിനാണ് (സനിത്ത് 34) കുത്തേറ്റത്.

പൊലീസ് പറയുന്നത്: 17ന് പകൽ ലിനിൽകുമാറിന്റെ മകനും കൂട്ടുകാരും വീടിന് സമീപം റോഡിൽ കളിക്കുന്നതിനിടെയാണ് ജിത്തുവിന്റെ അമ്മയുടെ ദേഹത്ത് ക്രിക്കറ്റ് പന്ത് കൊണ്ടത്. ഇതേച്ചൊല്ലി ജിത്തുവും ലിനിൽകുമാറും തമ്മിൽ വാക്കേറ്റമുണ്ടായി. രാത്രി ഏഴിന് ലിനിൽകുമാർ വീടിന് സമീപം തിരിച്ചെത്തിയപ്പോൾ വാളുമായി ജിത്തു ഭീഷണിപ്പെടുത്തി. തുടർന്നാണ് വീട്ടിൽനിന്ന് കത്തിയെടുത്ത് ജിത്തുവിനെ ലിനിൽകുമാർ കുത്തിയത്. സംഭവത്തിനുശേഷം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിലായിരുന്നു.

കൊല്ലം കുണ്ടറയിലെ ലോഡ്ജിൽനിന്ന് പനങ്ങാട് എസ്.എച്ച്.ഒ വിബിൻദാസിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് കേസ്. എസ്.ഐ എം.എം. മുനീർ, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.