* പൊലീസ് സ്റ്റേഷനിലേക്ക് കോൺ​ഗ്രസ് മാർച്ച് നടത്തി

പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ സംരക്ഷിക്കുന്നതായി ആരോപിച്ചും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ രാജി ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിപക്ഷനേതാവിന്റെ എം.എൽ.എ ഓഫീസിലേക്ക് ഇന്നലെ ഉച്ചയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകർ ദേശീയപാതയിൽ കേസരി കോളേജ് സ്‌റ്റോപ്പിനടുത്ത് പൊലീസ് സ്‌ഥാപിച്ച ബാരിക്കേഡ് മറികടന്ന് ഓഫീസിന് മുന്നിലെത്തി. ഓഫീസിന്റെ പ്രധാനഗേറ്റ് അവിടെ ഉണ്ടായിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടച്ചു. മതിലിന്റെ ഇരുവശത്തുനിന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഓഫീസ് അങ്കണത്തിലേക്ക് പ്രവേശിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരി​യ സംഘർഷമുണ്ടായി. പൊലീസും നേതാക്കളും ഇടപെട്ട് ശാന്തമാക്കി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻദാസ്, കെ.എസ്.യു താലൂക്ക് പ്രസിഡന്റ് ആന്റണി ടോം എന്നിവരും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിഅംഗം കെ.വി. വിനിലും ആശുപത്രി​യി​ൽ ചികിത്സ തേടി.

ഓഫീസിന് നേരെ കല്ലേറുണ്ടായെന്നും റോഡരികിൽ പ്രതിപക്ഷനേതാവിന്റെ പേര് എഴുതി സ്‌ഥാപിച്ചിരുന്ന ബോർഡ് നശിപ്പിച്ചെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺ​ഗ്രസ് പ്രവർത്തകർ ഡി​.സി​.സി​യുടെ നേതൃത്വത്തി​ൽ ഡി​.സി​.സി​യുടെ നേതൃത്വത്തി​ൽ നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനി​ലേക്ക് പ്രതി​ഷേധമാർച്ച് നടത്തി​. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇൻസ്പെക്‌ടർ ഷോജോ വർഗീസും തമ്മിൽ വാക്കുതർക്കമുണ്ടായി​. പ്രവർത്തകരും മറ്റു പൊലീസുകാരും തമ്മിൽ ഉന്തുംതള്ളും നടന്നെങ്കിലും വലിയ സംഘർഷത്തിലേക്ക് മാറി​യി​ല്ല. റോജി എം. ജോൺ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാസ്, ഉമ തോമസ് എം.എൽ.എ. അബിൻ വർക്കി, അബ്‌ദുൽ മുത്തലിബ്, കെ.പി. ധനപാലൻ, എം.ടി. ജയൻ തുടങ്ങിയവർ സംസാരിച്ചു.

എന്നാൽ പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ തങ്ങൾക്ക് നേരെയാണ് കല്ലെറിഞ്ഞതെന്ന് ഡി​.വെെ.എഫ്.ഐ നേതാക്കൾ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃത്വത്തി​ൽ നടത്തി​യ പ്രതിഷേധയോഗം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്‌പാദാസ് ഉദ്ഘാടനം ചെയ്‌തു. എം. രാഹുൽ, എൽ. ആദർശ്, ടി.വി. നിധിൻ, പി.എസ്. ഷൈല തുടങ്ങിയവർ സംസാരിച്ചു. പ്രതിപക്ഷനേതാവിന്റെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും ചേർന്ന് ഇന്ന് വൈകിട്ട് അഞ്ചിന് പറവൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തും.

പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐക്കാർക്കും സിപിഎമ്മുകാർക്കും പൊലീസ് സംരക്ഷണമൊരുക്കിയെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പറവൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ചേന്ദമംഗലം കവലയിൽ നിന്നാരംഭിച്ച മാർച്ച് കച്ചേരിമൈതാനിയുടെ വടക്കേഗേറ്റിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റിയ പ്രവർത്തകർ പൊലീസ് സ്‌റ്റേഷന് സമീപമെത്തി. സ്‌റ്റേഷന്റെ ഗേറ്റ് പൂട്ടിയ പൊലീസുകാർ സ്‌റ്റേഷൻ കോമ്പൗണ്ടിൽ നിലയുറപ്പിച്ചു.