കൊച്ചി: വീണാവാദനത്തിലും വായ്‌പാട്ടിലും ശ്രദ്ധേയനായ ഗുരു ബാബു അഗസ്‌റ്റിനും ആറു ശിഷ്യകളും ഇന്ന് ഒരുമിച്ച് വേദിയിലെത്തും. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വൈകിട്ട് 6.30നാണ് ഏഴംഗസംഘം വീണാസദസ് അവതരിപ്പിക്കുന്നത്. പ്രീതി ഹരികുമാർ, ദിവ്യ രാമസ്വാമി, ഡോ. നിർമ്മല ലില്ലി, എസ്. ശ്രീദേവി, സി. സന്ധ്യ, ജോമോൾ സോളമൻ എന്നിവരാണ് ബാബു അഗസ്‌റ്റിനൊപ്പം വീണക്കച്ചേരി അവതരിപ്പിക്കുക. ബിസിനസ് മുതൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ശിഷ്യകളെല്ലാം. ആറു ശിഷ്യരും ഗുരുവും ഒരുമിച്ച് വേദിയിലെത്തുന്നത് ആദ്യമാണ്. പരിപാടിയിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയാകും. ഗായിക രാധാ സേതുമാധവൻ പങ്കെടുക്കും.