1
തകർന്നു കിടക്കുന്ന വാത്തുരുത്തി - കുണ്ടന്നൂർ റോഡ്

തോപ്പുംപടി: വാത്തുരുത്തി റെയിൽവേ ഗേറ്റ് റോഡിൽ നിന്ന് കുണ്ടനൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർ സൂക്ഷിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാകും. അത്രയും വലിയ പാതാള കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. വഴി വിളക്കുകൾ ഇല്ലാത്ത ഈ റോഡിലെ രാത്രിയാത്ര വളരെ ദുഷ്കരമാണ്. മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വലിയ കുഴികളിൽ ബൈക്ക് യാത്രക്കാർ വീഴുന്നതും അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. ഈ റോഡ് ചെന്നെത്തുന്നത് ബി.ഒ.ടി പാലത്തിന് സമീപത്തുള്ള വാക്ക് വേറോഡിലാണ് ഇടത്തോട്ട് പോയാൽ കുണ്ടന്നൂർ - കണ്ണങ്ങാട്ട് പാലത്തിലേക്കും വലത്തോട്ട് തിരിഞ്ഞാൽ തോപ്പുംപടി - ഐലൻഡ് ഭാഗത്തേക്കും പ്രവേശിക്കാം. നിരവധി ചരക്ക് ലോറികൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ആലപ്പുഴ വഴി കണ്ണങ്ങാട്ട് പാലം വഴി നേവൽ ബേസിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗം കൂടിയാണിത്.

എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന പല വാഹന യാത്രക്കാരും ഈ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പ്രവേശിച്ച് കണ്ണങ്ങാട്ട് പാലം വഴിയാണ് അരൂർ ഭാഗത്ത് പ്രവേശിക്കുന്നത്.

വൻ ഗർത്തമായി കിടക്കുന്ന റോഡ് നന്നാക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം. എം.എൽ.എ ഇക്കാര്യത്തിൽ ഇടപെടണം

കെ.എം.മനോഹരൻ

വാത്തുരുത്തി സ്വദേശി