തോപ്പുംപടി: മീൻ കയറ്റിറക്ക് തൊഴിലാളികളുടെ കൂലിത്തർക്കത്തെ തുടർന്ന് കൊച്ചി ഫിഷറീസ് ഹാർബറിലുണ്ടായ പ്രതിസന്ധിക്ക് അയവില്ല. ഹാർബർ വ്യവസായ സമിതി പ്രസിഡന്റ് എ.എം. നൗഷാദുമായുള്ള ചർച്ചയിൽ തിങ്കളാഴ്ച ഹാർബർ തുറന്ന് ബോട്ടുകൾ കയറുകയും തൊഴിലാളികൾ പണിയെടുക്കുകയും ചെയ്‌തെങ്കിലും ഇന്നലെ മുതൽ വീണ്ടും ഹാർബർ അടച്ചു. ബോട്ടുടമകൾ കൂലിത്തർക്കത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതോടെയാണ് ഹാർബർ വീണ്ടും അടച്ചിടേണ്ട സാഹചര്യം ഉടലെടുത്തത്. ഗിൽനെറ്റ്, ട്രോൾ നെറ്റ് ബോട്ടുകൾ കടലിൽ പോകുന്നുണ്ടെങ്കിലും ഈ ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പേഴ്‌സിൻ നെറ്റ് ബോട്ടുടമകളും തൊഴിലാളികളും. ഹാർബർ പ്രവർത്തനം വീണ്ടും അവതാളത്തിലായതോടെ ബോട്ടുകൾ മറ്റ് ഹാർബറുകൾ തേടി പോകുന്ന സാഹചര്യമാണ്. ഹാർബർ പ്രവർത്തനം പുനരാരംഭിച്ചാലും ബോട്ടുകൾ മടങ്ങിയെത്തുമോയെന്ന് ഉറപ്പിക്കാനും കഴിയില്ല.