ആലുവ: 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ഇരുചക്ര വിളംബര റാലി നാളെ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് അദ്വൈതാശ്രമത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇരുചക്രവാഹന വിളംബര റാലി ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും. വടക്കൻ മേഖല ജാഥ രഞ്ജിത്ത് തേലത്തുരുത്തും തെക്കൻ മേഖല ജാഥ അനീഷ് എടയപ്പുറവും നയിക്കും. ദീപക് മാങ്ങാംപിള്ളി, ജയേഷ് ഊരക്കാട്, അനിത്ത് മുപ്പത്തടം, സിനന്ദ് കടുങ്ങല്ലൂർ എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്.
വടക്കൻ മേഖല റാലി വൈകിട്ട് 6.45ന് ചെങ്ങമനാടും തെക്കൻ മേഖല റാലി പട്ടേരിപ്പുറത്തും സമാപിക്കും.
30ന് വൈകിട്ട് മൂന്നിന് അദ്വൈതാശ്രമത്തിൽ ജ്യോതി പ്രയാണം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണവും പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണവും നടത്തും. അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്നും സ്വാമി ധർമ്മചൈതന്യ പകർന്ന ദീപം അരയാക്കണ്ടി സന്തോഷ് ഏറ്റുവാങ്ങി ദിവ്യജ്യോതി റിലേ ക്യാപ്റ്റൻ അഖിൽനാഥ് കങ്ങരപ്പടിക്ക് കൈമാറും. തുടർന്ന് 171 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ജ്യോതി റിലേ ബാങ്ക് കവലയിൽ നിന്നാരംഭിക്കും.
ആഗസ്റ്റ് 31 മുതൽ നാല് ദിവസം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ദിവ്യജ്യോതി നയിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ പി.പി സനകൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരുമാരാണ്. 61 ശാഖകളിലെയും ജ്യോതി പര്യടനം നടത്തും. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ജ്യോതി കുറുമശേരി ശാഖയിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ ഏഴിന് വൈകിട്ട് മൂന്നിന് ജയന്തി ദിനത്തിൽ നഗരത്തിൽ 20,000 പേർ പങ്കെടുക്കുന്ന ജയന്തി മഹാഘോഷയാത്ര നടക്കും. ആലുവ അദ്വൈതാശ്രമത്തിൽ രാവിലെ 4.30 മുതൽ പ്രത്യേക പൂജകൾ നടക്കും. അദ്വൈതാശ്രമ കവാടത്തിൽ യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ നടക്കുന്ന ജയന്തിയാഘോഷം സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.