bpcl

കൊച്ചി: അടിസ്ഥാന വികസനത്തിന് സർക്കാരുമായി കൈകോർത്ത് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ). ചിത്രപ്പുഴ മുതൽ അമ്പലമുകൾ വരെ റോഡ് നാലുവരിയാകുന്നതിനും ചിത്രപ്പുഴ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനുമായി 25.12 കോടി രൂപയും കൊച്ചി കാൻസർ സെന്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിർമ്മിക്കുന്ന അമിനിറ്റി സെന്ററിന് 11.34 കോടി രൂപയും നീക്കിവച്ചു. ഇതുസംബന്ധിച്ചുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ജില്ലയുടെ വ്യവസായിക ഹബ്ബായ അമ്പലമുഗളിൽ പൊതുമരാമത്ത് വകുപ്പുമായി ചേർന്നാണ് വികസനം. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അമിനിറ്റി സെന്റർ നിർമ്മിക്കുക.
രോഗികളും കൂട്ടിരിപ്പുകാരുമായി 185 ആളുകൾക്ക് ഒരേസമയം ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും കെട്ടിടം. കാൻസർ സെന്ററിനെ ആശ്രയിക്കുന്ന നിർദ്ധരരായ രോഗികൾക്ക് പദ്ധതി ഏറെ ഉപകാരപ്രദമാകും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ക്രിയാത്മക ഇടപെടലാണ് നടത്തുന്നതെന്ന് ബി.പി.സി.എൽ അധികൃതർ അറിയിച്ചു.

സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്,പി.എ മുഹമ്മദ് റിയാസ്, വീണ ജോർജ്, ബി.പി.സി.എൽ റിഫൈനറി ഡയറക്ടർ സഞ്ജയ് ഖന്ന, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പി.വി. ശ്രീനിജിൻ എം.എൽ.എ, ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ ശങ്കർ എം, സീനിയർ മാനേജർ (പി.ആർ) വിനോദ് ടി മാത്യു തുടങ്ങിയവർ പങ്കെടുത്തു.