പെരുമ്പാവൂർ: മാലിന്യശേഖരണത്തിന് ഇലക്ട്രിക് വാഹനം സ്വന്തമാക്കി പെരുമ്പാവൂർ നഗരസഭ. വീതി കുറഞ്ഞ റോഡുകളിലൂടെ സഞ്ചരിച്ച് വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിക്കാൻ സൗകര്യമുള്ള ടാറ്റ എയ്സ് ഇ.വിയാണ് വാങ്ങിയത്. ഭാരിച്ച ഇന്ധനച്ചെലവില്ലാതെ പ്രവർത്തിപ്പിക്കാനാകുന്നതാണ് വാഹനത്തിന്റെ മുഖ്യ ആകർഷണം. ഹരിതകർമസേനാംഗങ്ങളാണ് വാഹനം ഓടിക്കുക. ഭാവിയിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാനും പദ്ധതിയുണ്ട്. മാലിന്യം തരംതിരിച്ചു ശേഖരിക്കാനുള്ള സംവിധാനവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
നഗരസഭ മാലിന്യശേഖരണത്തിനായി സ്വന്തമാക്കുന്ന നാലാമത്തെ വാഹനമാണിത്. ഇതിന് മുമ്പ് ഐഷർ ടിപ്പർ, ഇസുസു പിക്കപ്പ് ട്രക്ക്, ടാറ്റ ഇൻട്ര എന്നീ വാഹനങ്ങൾ നഗരസഭ വാങ്ങിയിരുന്നു. പദ്ധതിക്കായി 60 ലക്ഷം രൂപ ചെലവഴിച്ചു. ഹരിതകർമസേനാംഗങ്ങൾക്ക് പുതുതായി ഡ്രസ് കോഡും നൽകി. പുതിയ വാഹനം പ്രവർത്തനത്തിലൂടെ ഹരിതകർമസേനയുടെ ഇടപെടലുകൾക്ക് കൂടുതൽ ശക്തിയും കാര്യക്ഷമതയും ലഭിക്കുമെന്നും മാലിന്യ സംസ്കരണത്തിന്റെ നിലവാരം ഉയർത്താനുമാകും. ഫ്ലാഗ് ഓഫ് ചടങ്ങ് നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ ആനി മാർട്ടിൻ, മുൻ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അഭിലാഷ് പുതിയേടത്ത്, അനിതാ പ്രകാശ്, ശാലു ശരത്എന്നിവർ സംസാരിച്ചു.