പെരുമ്പാവൂർ: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ മാറ്റി എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സോണി ജോൺ കുട്ടികളെന്ന് സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.യുടെയും മൂവാറ്റുപുഴ ആർ.ടി.ഒ. യുടേയും നിർദ്ദേശാനുസരണം പെരുമ്പാവൂർ സബ് ആർ.ടി. ഓഫീസ് പരിധിയിൽ വരുന്ന 4 മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് സ്കൂൾ ബസിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. പരിശോധനയിൽ 42 സ്കൂൾ വാഹനങ്ങൾക്കും73 സ്വകാര്യ വാഹനങ്ങൾക്കുമെതിരെ നടപടി എടുത്തു. പട്ടിമറ്റം കിഴക്കമ്പലം, പെരുമ്പാവൂർ, കുറുപ്പംപടി, പോഞ്ഞാശേരി, വല്ലം, കൂവപ്പടി എന്നിവിടങ്ങളിലാണ് ഇന്നലെ വ്യാപകമായ പരിശോധന നടത്തിയത്. 100ൽ പരം സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 42 വാഹനങ്ങൾക്കെതിരെ നടപടി എടുക്കുകയും 34750 രൂപ പിഴ ചുമത്തുകയും ചെയ്തു.
വ്യാപകപരിശോധന
പ്രവർത്തിപരിചയം ഇല്ലാതെ വാഹനങ്ങൾ ഓടിക്കുക, യൂണിഫോമും സീറ്റ്ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുക തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയത്. ഹെൽമറ്റ് ഇല്ലാതെയും ടാക്സ് അടക്കാതെയുമുള്ള വാഹനങ്ങൾ, നിരോധിത എയർ ഹോൺ പിടിപ്പിച്ച വാഹനങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ എന്നീ കുറ്റകൃത്യങ്ങൾക്ക് പിഴയിനത്തിൽ 22, 200 രൂപ ചുമത്തി.
എറണാകുളം ആർ.ടി.ഒ.എൻഫോഴ്സ്‌മെന്റിൽ നിന്ന് രണ്ടു സ്ക്വാഡും പെരുമ്പാവൂർ സബ് ആർ. ടി. ഒ, കോതമംഗലം സബ് ആർ.ടി.ഒ. എന്നീ ഓഫീസുകളിൽ നിന്ന് ഓരോ സ്ക്വാഡ് വീതവും പരിശോധനയിൽ പങ്കടുത്തു. എറണാകുളം ആർ. ടി. ഒ. എൻഫോഴ്സ്‌മെന്റിലെ എം.വി.ഐ.മാരായ വി.ഷിജു, അയ്യപ്പദാസ്, എ.എം.വി.ഐ.മാരായ സോണി ജോൺ, ആർ.ആരോമൽ, എം.എച്ച്. പരീത്, ജി.എസ്.ഷൈൻ എന്നിവരെ കൂടാതെ പൊലീസ് ഉദ്യോഗസ്ഥന്മാരായ എസ്.ഐ. ശിവപ്രസാദ്, സി. പി. ഒ. മാരായ ജോഷി, അദേഷ്, ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എറണാകുളം ആർ.ടി.ഒ. ബിജു ഐസക്ക് പറഞ്ഞു.