കൊച്ചി: സംസ്ഥാനത്ത് വ്യാപാര വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകുംവിധം ലൈസൻസിംഗ് വ്യവസ്ഥകൾ ലഘൂകരിച്ച സർക്കാർ നടപടിയെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതംചെയ്തു. ട്രേഡ് ലൈസൻസ് കരസ്ഥമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കടുത്ത വ്യവസ്ഥകൾ സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടൽമേഖലയ്ക്ക് കഠിനമായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട കാറ്റഗറി രണ്ട് സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള ഇളവുകൾ സംസ്ഥാനത്തെ ഭൂരിപക്ഷം ചെറുകിട ഇടത്തരം ഹോട്ടലുകൾക്കും ഗുണകരമാകും.
സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടലുകളെ നിലനിറുത്തുവാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ് സർക്കാർ അംഗീകരിച്ചതെന്നും ഇതേത്തുടർന്ന് ഈ ആവശ്യങ്ങളുന്നയിച്ച് സംഘടന നടത്തുന്ന സമരങ്ങൾ നിറുത്തിവെച്ചതായും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാളും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.