കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു യുവതി കൂടി ആരോപണവുമായി രംഗത്തെത്തി. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ഉദ്ദേശത്തോടെ പലതവണ തന്നെ സമീപിച്ചെന്ന് യുവതി പറയുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി. സമ്മർദ്ദനം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇത് വ്യക്തമാക്കുന്ന ചാറ്റുകളും ഇവർ പുറത്തുവിട്ടു. കേരളത്തിന് പുറത്ത് ജോലി ചെയ്യുകയാണ് യുവതി. ദുരനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തുവന്നതോടെയാണ് തുറന്നുപറയാണ് തയ്യാറായത്.
2023ൽ ഇൻസ്റ്റ ഗ്രാം വഴി രാഹുൽ മാങ്കൂട്ടത്തിലാണ് ആദ്യം മെസേജ് അയക്കുന്നത്. ആദ്യം നമ്പർ വാങ്ങി. പിന്നീട് ചാറ്റിംഗ് ടെലിഗ്രാമിലാക്കി. രാഹുൽ ചാറ്റിംഗിന് ടൈമർ സെറ്റ് ചെയ്തിരുന്നു. മെസേജ് വായിച്ചാൽ ഉടൻ മാഞ്ഞുപോകും വിധമാണിത്. പ്രണയാഭ്യർത്ഥന നടത്തി. വൈകാതെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്നാണ് ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചത്. ഒന്നല്ല പലതവണ. അശ്ലീല സന്ദേശങ്ങൾ അയച്ചു. പതിയെ വിവാഹാഭ്യർത്ഥനയിൽ നിന്ന് രാഹുൽ പിന്മാറി. സമ്മർദ്ദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുലിന്റെ ഭീഷണി. ഇരകൾ ഏറെയുണ്ടെന്ന് മനസിലായതോടെയാണ് എല്ലാം തുറന്നുപറയാൻ തീരുമാനിച്ചത്.
പരാതിപ്പെടുമെന്ന് അറിയിച്ചപ്പോൾ ഐ ഡോംഡ് കെയർ, ഹൂ കെയേഴ്‌സ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ജനപ്രതിനിധിയാകും മുമ്പായിരുന്നു ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ടത്. രാഹുലിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പരാതിയുമായി ആരെയും സമീപിച്ചില്ല. രാഹുലിൽ നിന്ന് ദുരനുഭവം നേരിട്ട മറ്റ് പലരേയും തനിക്ക് അറിയാമെന്നും യുവതി പറഞ്ഞു.