കൊച്ചി: ഗണേശോത്സവ ട്രസ്റ്റും എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയും സംഘടിപ്പിക്കുന്ന ഗണേശോത്സവത്തിന്റെ ആദ്യ വിഗ്രഹ പ്രതിഷ്ഠാച്ചടങ്ങ് രാജന്ദ്രമൈതാനിയിൽ 26ന് വൈകിട്ട് 5ന് നടക്കും. ടി.ജെ. വിനോദ് എം.എൽ.എ ഗണേശവിഗ്രഹത്തിന്റെ മിഴിതുറക്കൽ നിർവഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിക്കും. എറണാകുളം തിരുമല ദേവസ്വം മേൽശാന്തി ആർ. ശ്രീനിവാസഭട്ട് വിഗ്രഹ പ്രതിഷ്ഠ നടത്തും. ആഘോഷ കമ്മിറ്റി ചെയർമാൻ പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
വിനായക ചതുർഥി ദിനമായ 27ന് രാവിലെ വിവിധ സ്ഥലങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കും. 30ന് ഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. രമേഷ് പിഷാരടി വിശിഷ്ടാതിഥിയാകും. ട്രസ്റ്റ് മുഖ്യ കാര്യദർശി സജി തുരുത്തിക്കുന്നേൽ അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ, രാഹുൽ ഈശ്വർ, ഊർമിള ഉണ്ണി, അഡ്വ. കെ.എസ്. ഷൈജു, പദ്മജ എസ്. മേനോൻ എന്നിവർ സംസാരിക്കും.