കൊച്ചി: വിദ്യാഭ്യാസം നേടുന്നത് സമൂഹത്തിന്റെ നന്മയ്ക്ക് കൂടി വേണ്ടിയാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന സന്ദേശം ജീവിതത്തിൽ പകർത്തണം. മാനവിക മൂല്യങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് വിദ്യാഭ്യാസ രീതിയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി 477 വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി. അജിത് കുമാർ വിശിഷ്ടാതിഥിയായി. 27 വിദ്യാർത്ഥികൾ റാങ്ക് ജേതാക്കളായി. ഗവേഷണം പൂർത്തിയാക്കിയ 14 പേരും ബിരുദം ഏറ്റുവാങ്ങി. കൊച്ചി ക്യാമ്പസ് ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം അസോസിയേറ്റ് പ്രോവോസ്റ്റ് ശാന്തികുമാർ വി. നായർ അദ്ധ്യക്ഷനായി.