1
ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി

ഫോർട്ടുകൊച്ചി: ജില്ലയിൽ ദേശീയ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ താലൂക്ക് ആശുപത്രിയായി ഫോർട്ട്‌കൊച്ചി. നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ സ്റ്റാന്റേർഡ്‌സ് അംഗീകാരമാണ് ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. സംസ്ഥാനതലത്തിൽ ഏഴാമതായി ദേശീയ അംഗീകാരം നേടുന്ന ആശുപത്രിയായും മാറി.

അത്യാഹിത വിഭാഗം, ലബോറട്ടറി, ഫാർമസി, ഗൈനക്കോളജി, പീഡിയാട്രിക് ജനറൽ മെഡിസിൻ, ദന്തൽ ഓപ്പറേഷൻ തിയേറ്റർ, മെഡിക്കൽ റെക്കോർഡ് ലൈബ്രറി, പൊതു ജനാരോഗ്യവിഭാഗം എന്നിവയും ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോ, സൈക്യാട്രി വിഭാഗങ്ങൾ നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ പ്രവർത്തിച്ച് വരുന്നു.

പുതിയ ഒ.പി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൊച്ചി നഗരസഭയുടെ ഫണ്ട് വിനിയോഗിച്ച് പേ വാർഡ്, കുട്ടികളുടെ വാർഡ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങളും ജറിയാട്രിക് ഒ.പി, ഫിസിയോ തെറാപ്പി,10 ബെഡുകളുള്ള ജറിയാട്രിക് വാർഡ് എന്നിവ ഉൾപ്പെടുന്ന ജറിയാട്രിക് യൂണിറ്റിന്റെ പുതിയ ബ്ലോക്കിന്റെയും നിർമ്മാണവും നടന്നുവരുന്നു.

നേട്ടങ്ങളുടെ മികവിൽ

1 89.08 ശതമാനം മാർക്കോടെയാണ് അംഗീകാരം.

2 19 ഡയാലിസിസ് മെഷീനുള്ള ഡയാലിസിസ് യൂണിറ്റിൽ ഇതിനോടകം 35000 ഡയാലിസിസ് പൂർത്തിയാക്കി.

3 100 രൂപയ്ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.

4 നഗരസഭാ ഫണ്ട് വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

5 പ്രതിമാസം 40 മുതൽ 50 വരെ പ്രസവങ്ങൾ നടക്കുന്നു.

6 കൊച്ചി നഗരസഭയിലെ മുഴുവൻ സാന്ത്വന പരിചരണ വിഭാഗങ്ങളേയും ഏകോപിപ്പിക്കുന്നതും ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ്.

ദേശീയ അംഗീകാരത്തോടെ ഒരുകിടക്കയ്ക്ക് 10,000രൂപവീതം പ്രതിവർഷം ആശുപത്രി വികസനത്തിന് കൂടുതലായി ലഭിക്കും. 240 കിടക്കയുള്ള ഇവിടെ ഇതോടെ പ്രതിവർഷം 24ലക്ഷംരൂപ വികസനത്തിനായി ലഭിക്കും.

മേയർ അഡ്വ. എം. അനിൽകുമാർ, ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനമാണ് ദേശീയ അംഗീകാരത്തിന്റെ നിറവിലേക്ക് എത്തിച്ചത്.

ഡോ.കെ. പ്രസന്നകുമാരി,

ആശുപത്രി സൂപ്രണ്ട്