കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലൂർ ചമ്മിണിക്കോടത്ത് എവറസ്റ്റ് ചമ്മിണി (91) നിര്യാതനായി. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.
സ്വാതന്ത്ര്യ സമരസേനാനിയും എളംകുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഫ്രാൻസിസ് ചമ്മിണിയുടെയും സൂസന്റെയും മകനാണ്. ഭാര്യ: ജോസി (തൈക്കൂടം കൂടാരപ്പിള്ളി കുടുംബാംഗം). മക്കൾ: സോണി യുജിൻ, സോജൻ, സോഫി, സോളി. മരുമക്കൾ: യുജിൻ, മിനി, യേശുദാസ്, റോണി.
കൊച്ചി മുനിസിപ്പാലിറ്റിയിലും കൊച്ചി കോർപ്പറേഷനിലും നാല് തവണ കൗൺസിലറും 1980 മുതൽ 1981 വരെ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായിരുന്നു. 1987ൽ എം.കെ. സാനു എറണാകുളം മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായ എവറസ്റ്റിന് കിട്ടിയ 10,500 വോട്ട് സാനുവിന്റെ വിജയത്തിൽ നിർണായകമായി. എ.എൽ. ജേക്കബായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.
1991 ഇടത് സ്വതന്ത്രനായി എറണാകുളം മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ ജോർജ് ഈഡനോട് പരാജയപ്പെട്ടു. 1990ൽ ജില്ലാ കൗൺസിൽ അംഗമായപ്പോൾ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷനായിരുന്നു. ഇതേ കൗൺസിലിൽ സഹോദരി വിന്നി എബ്രഹാമും അംഗമായിരുന്നു.