കൊച്ചി: എറണാകുളം മാർക്കറ്റിലെ ജനത്തിരക്കേറിയ ബ്രോഡ്‌വേ പാലത്തിനും ഷണ്മുഖം റോഡിലെ പോക്കുപാലത്തിനും ഇടയിൽ ബേസിൻറോഡിന്റെ സംരക്ഷണഭിത്തിയും കൽവെർട്ടും തോട്ടിലേക്ക് തകർന്നുവീണു. ബേസിൻറോഡിന്റെ കാര്യത്തിൽ പെട്ടെന്ന് എന്തെങ്കിലും ചെയ്യാനാവാത്ത അവസ്ഥയിലാണ് കൊച്ചി കോർപ്പറേഷനെന്നാണ് ഡിവിഷൻ കൗൺസിലർ മനു ജേക്കബ് പറയുന്നത്.
അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സ് ഭാരവാഹികൾ കൊച്ചി കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
കോർപ്പറേഷന്റെ അധീനതയിലായിരുന്ന മാർക്കറ്റിന്റെയും ബേസിൻറോഡിന്റെയും നവീകരണം രണ്ടുവർഷംമുമ്പ് കെ.എം.ആർ.എൽ ഏറ്റെടുത്തതാണ്. അതുവരെ കോർപ്പറേഷൻ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കെ.എം.ആർ.എൽ ഏറ്റെടുത്തതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കഴിഞ്ഞദിവസം സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് മാർക്കറ്റിന്റെയും റോഡിന്റെയും നവീകരണ ചുമതലയിൽ കെ.എം.ആർ.എൽ ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു. മാർക്കറ്റിലെ റോഡുകളുടെ നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി മൂന്നുതവണ ടെൻഡർ ചെയ്തെങ്കിലും ആരും കരാറെടുത്തില്ല. ഇനി എസ്റ്റിമേറ്റ് പുതുക്കണമെങ്കിൽ കൂടിയ തുകയ്ക്ക് സർക്കാരിൽനിന്ന് ഭരണാനുമതി ലഭിക്കണം. അതുകൊണ്ട് മാർക്കറ്റിലെ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആർ.എൽ വെള്ളിയാഴ്ച കോർപ്പറേഷന് കത്ത് നൽകി. എന്നാൽ എന്തെങ്കിലും താത്കാലിക സംവിധാനംകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നതാണ് വസ്തുത.
സ്ഥിതി ഗുരുതരം
1 ചരക്കുലോറികൾ പുലർച്ചെ മാർക്കറ്റിലേക്ക് വരുന്ന പ്രധാന റോഡിന്റെ ഭാഗമാണ് തകർന്നത്.
2 ഇതോടെ റോഡിന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളും അപകടാവസ്ഥയിലായി.
3 ഒരുവശം തകർന്നു വീണതോടെ വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ബാക്കിയുള്ളു.
4 എതിരെ വരുന്ന വാഹങ്ങൾ സൈഡ് ഒതുക്കിയാൽ കനാലിലേയ്ക്ക് വീഴാം.
5 ബേസിൻ റോഡിന്റെ സംരക്ഷണഭിത്തി തകർന്നതോടെ സമീപത്ത് സി.എസ്.എം.എൽ സ്ഥാപിച്ച സ്ട്രീറ്റ്ലൈറ്റ് പോസ്റ്റുകളുടെ അടിത്തറയും അപകടാവസ്ഥയിലായി. പോസ്റ്റ് മറിഞ്ഞുവീണാൽ വലിയ അപകടമുണ്ടാകും.
റോഡിന്റെ സംരക്ഷണഭിത്തി തകർന്നതുമൂലമുള്ള അപകടാവസ്ഥ
ഒഴിവാക്കുവാൻ പ്രസ്തുത ഭാഗത്തേയ്ക്കുള്ള വാഹനഗതാഗതം അടിയന്തരമായി നിരോധിച്ച് റോഡ് പുതുക്കിപ്പണിയണം
കേരള മർച്ചന്റ്‌സ് ചേംബർ
ഒഫ് കോമേഴ്‌സ്