ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം കാർമ്മൽ, കൊച്ചിൻ ബാങ്ക് ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ ബസുകൾ നിറുത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. കാർമ്മൽ ഭാഗത്ത് ആലുവ ഭാഗത്തേയ്ക്കുള്ള ബസുകളും കൊച്ചിൻബാങ്ക് കവലയിൽ ഇരുവശത്തേക്കുള്ള ബസുകളും തോന്നുന്നിടത്താണ് നിറുത്തുന്നത്. ഇത് വിദ്യാർത്ഥികളെയും മുതിർന്നവരെയുമെല്ലാം വലയ്ക്കുകയാണ്. രാവിലെയും വൈകിട്ടും ബസിന് പിന്നാലെ യാത്രക്കാരുടെ ഓടുന്ന കാഴ്ചയാണ് ഇവിടെ.
കർമ്മൽ സ്റ്റോപ്പിൽ ഇരുഭാഗത്തേക്കും പോകുന്ന യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. കൊച്ചിൻബാങ്ക് കവലയിൽ പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താനാകില്ല. വെയിലത്തും മഴയത്തുമെല്ലാം യാത്രക്കാർ ബസിന് പിന്നാലെ ഓടണം. കൊച്ചിൻ ബാങ്ക് സ്റ്റോപ്പിൽ ആലുവ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് മഴക്കാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. റോഡിലെ കുഴിയിൽ വാഹനങ്ങൾ ചാടുമ്പോഴുളള ചെളിയും ചേറുമെല്ലാം യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുന്നതും പതിവാണ്. ഇതിനാൽ കടത്തിണ്ണകളെയാണ് യാത്രക്കാർ അഭയം പ്രാപിക്കുന്നത്.
നേരത്തെ കൊച്ചിൻബാങ്ക് കവലയിൽ യാത്രക്കാർക്ക് നിൽക്കുന്നതിന് ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. കച്ചവടക്കാർ കൈയേറിയതോടെ യാത്രക്കാർക്ക് നിൽക്കാൻ പോലും സ്ഥലമില്ല. രണ്ട് കവലകളിലും ഇടറോഡുകളുടെ സംഗമകേന്ദ്രം കൂടിയായതിനാൽ എപ്പോഴും നല്ല വാഹനത്തിരക്കാണ്.
കൊച്ചിൻബാങ്ക് കവലയിലാണ് എൻ.എ.ഡി റോഡും എടയപ്പുറം റോഡും സംഗമിക്കുന്നത്. എൻ.എ.ഡി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് മുഖ്യറോഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധമാണ് വാഹന പാർക്കിംഗ്. കാർമ്മൽ കവലയിലാണ് മനക്കപ്പടി റോഡ് സംഗമിക്കുന്നത്. കാർമ്മൽ ആശുപത്രി കവലയിലെ സീബ്ര ലൈൻ മാഞ്ഞുപോയതും കാൽനട യാത്രക്കാരെ വലയ്ക്കുന്നു.
അശോകപുരം കാർമ്മൽ, കൊച്ചിന് ബാങ്ക് ബസ് സ്റ്റോപ്പുകളിൽ നിറുത്താത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അശോകപുരം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആലുവ ജോയിന്റ് ആർ.ടി.ഒക്കും ആലുവ ഡിവൈ.എസ്.പിക്കും പരാതി നൽകി. ഡിവൈ.എസ്.പിക്ക് ഭീമഹർജിയാണ് നൽകിയത്. സ്റ്റോപ്പിൽ നിറുത്താത്ത പ്രൈവറ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കണം
കെ.എസ്. സുനീർ
ബ്രാഞ്ച് സെക്രട്ടറി
സി.പി.എം