ആലുവ: ലഹരി ഉപയോഗവും കച്ചവടവും സംബന്ധിച്ച വിവരങ്ങൾ ഫോണിലൂടെ കൈമാറാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ടോക് ടു മമ്മൂക്ക" സംവിധാനം ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക്.
'ടോക് ടു മമ്മൂക്ക"യിൽ ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയതിനു പിന്നാലെ, കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡി.ജി.പി തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു. കോഴിക്കോട് നടുവണ്ണൂരിൽ നിന്നുള്ള പരാതിയാണ് ഡി.ജി.പി സ്വീകരിച്ചത്. ചികിത്സയ്‌ക്ക് ശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർക്കാരിനും ആഭ്യന്തരവകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹികസേവന പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലാണ് 'ടോക് ടു മമ്മൂക്ക"യ്‌ക്ക് മേൽനോട്ടം വഹിക്കുന്നത്. ലഹരിയുടെ പിടിയിലാവയർക്ക് കൗൺസലിംഗ് ആവശ്യമെങ്കിൽ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ സൗകര്യം ഒരുക്കും. രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ. വിനീത് മോഹൻ, ഡോ. ഗാർഗി പുഷ്പലാൽ, ഡോ. അർജുൻ ബലറാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ. തോമസ്, അമൃത മോഹൻ എന്നിവരാണ് സംഘത്തിലുളളത്.
'ടോക് ടു മമ്മൂക്ക"യുടെ 6238877369 എന്ന നമ്പരിൽ വിളിച്ച് ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം.
സിറ്റി പൊലീസ് മുൻ കമ്മിഷണർ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കൊച്ചി സൗത്ത് എ.സി.പി പി. രാജ്കുമാർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് വൈസ് പ്രസിഡന്റ് ജോസ് പോൾ എന്നിവർ സംസാരിച്ചു.