കൊച്ചി: കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കും അഭിവൃദ്ധിക്കും വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒരുമിക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ മുൻ ചെയർമാൻ എൻ. രാമചന്ദ്രൻ രചിച്ച 'നോട്‌സ് ഫ്രം വില്ലിംഗ്‌ടൺ ഐലൻഡ്" എന്ന പുസ്തകം എറണാകുളം ടി.ഡി.എം ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സാമ്പത്തിക വൈവിദ്ധ്യവത്കരണത്തിനും വികസനത്തിനും അപാരമായ സാദ്ധ്യതകളുണ്ട്. തുറമുഖ പ്രവർത്തനങ്ങൾ വല്ലാർപാടത്തേക്കും പുതുവൈപ്പിനിലേക്കും മാറിയതോടെ വില്ലിംഗ്ടൺ ദ്വീപിലെ വിശാലമായ പ്രദേശം പുനർവികസനത്തിനായി ലഭ്യമായി. ക്രൂയിസ് ടൂറിസമുൾപ്പെടെ സാദ്ധ്യതയേറെയാണ്. വില്ലിംഗ്ടൺ ഐലൻഡിന്റെ ശതാബ്ദി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ വിനോദസഞ്ചാരത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ആഗോള കേന്ദ്രമായി മാറ്റിയെടുക്കാൻ നമുക്ക് അവസരം ഒരുങ്ങുകയാണ്. ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു പദ്ധതികൾ ആവിഷ്‌കരിക്കാൻ കൊച്ചി തുറമുഖം മുൻകൈയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊണാർക്ക് പബ്ലിക്ഷേൻസിന്റ മാനേജിംഗ് ഡയറക്ടർ കെ.പി.ആർ. നായർ, എൻ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.