മട്ടാഞ്ചേരി: ശ്രീകരം ഹെൽത്ത് കെയർ ഫിസിയോതെറാപ്പി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ശിലാസ്ഥാപനം തിങ്കളാഴ്ച നടക്കും. കൊച്ചിൻ കോളേജിനു സമീപം 8 സെന്റ് സ്ഥലത്താണ് നാലുനിലകളിൽ കെട്ടിടം ഉയരുന്നത്. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പണിയാനാണ് ഉദ്ദേശമെങ്കിലും സുമനസുകളിലൂടെ ഫണ്ട് കണ്ടെത്തി ഗ്രൗണ്ട് ഫ്ലോറിന്റെ പണി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് സി.ജി. പ്രദീപ്കുമാർ, സെക്രട്ടറി എം.ജി. പൈ, ട്രഷറർ വി.എൻ. രവി എന്നിവർ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 13 മുതൽ ഫിസിയോതെറാപ്പി കേന്ദ്രം താത്കാലിക സ്ഥലത്ത് പ്രവർത്തിന്നുണ്ട്. നൂറുകണക്കിന് രോഗികൾക്ക് സൗജന്യമായി ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. ഇരുപതിനായിരത്തോളം പേർക്ക് ഡോക്ടരുടെ സേവനം, സൗജന്യമരുന്ന്, തുടർചികിത്സ എന്നിവ നൽകിവരുന്നു. അശരണരായ 40ഓളം പേർക്ക് പ്രാതലും ഭക്ഷണവും നൽകുന്നതോടൊപ്പം പ്രത്യേകദിനങ്ങളിൽ രോഗികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. 75 പേർക്ക് ക്യാൻസർ, ഡയാലിസിസ് ധനസഹായവും 40 പേർക്ക് പലവ്യഞ്ജനകിറ്റുകളും നൽകിവരുന്നു. രോഗികൾക്കായി രണ്ട് സൗജന്യ ആംബുലൻസ്, വീൽചെയറുകൾ, കട്ടിൽ, വാക്കറുകൾ, എയർബെഡ്, ഓക്സിജൻ മോണിറ്റർ തുടങ്ങിയ സേവനങ്ങളും നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.