nagarasabha-paravur-
പറവൂർ നഗരസഭ ചെയർപേഴ്സണിനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കുന്നു

പറവൂർ: അജൻഡകൾ ചർച്ച ചെയ്യാതെ പാസാക്കിയ ശേഷം പറവൂർ നഗരസഭാ കൗൺസിൽ യോഗം പിരിച്ചുവിട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്സൺ ബീന ശശീധരനെ ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷം പൊലീസെത്തി പ്രതിപക്ഷ കൗൺസിലർമാരെ അറസ്റ്റ് ചെയ്ത നീക്കിയതിന് ശേഷമാണ് ചെയർപേഴ്സണ് പുറത്തിറങ്ങാനായത്. പതിനാറാം വാർഡിൽ വലിയകുളം പുറമ്പോക്കിൽ അങ്കണവാടി നിർമ്മിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ കുളം, പുഴ, തോട് പുറമ്പോക്കുകളിൽ യാതൊരുവിധ നിർമ്മാണവും നടത്തരുതെന്ന സർക്കാർ ഉത്തരവുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ.ഐ. പൗലോസ് പറഞ്ഞു. ഇത് തർക്കത്തിന് ഇടയായതോടെ അജൻ‌ഡകൾ ഒറ്റയടിക്ക് വായിച്ച് തീർത്ത് ഭൂരിപക്ഷ പ്രകാരം പാസാക്കിയെന്ന് പറഞ്ഞ് ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയായിരുന്നു.

ചെയർപേഴ്സൺ ഹാൾ വിട്ടിറങ്ങിയതിനാലാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചതെന്നും ഭരണപരാജയം മറച്ചുവയ്ക്കാനും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുമാണ് ചെയർപേഴ്സൺ ശ്രമിച്ചതെന്നും പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ പറഞ്ഞു.

എന്നാൽ, അങ്കണവാടി സംബന്ധിച്ച അജണ്ടയിൽ എൻ.ഐ.പൗലോസും മറ്റ് എൽ.ഡി.എഫ് കൗൺസിലർമാരും വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ചർച്ച ഇല്ലെന്നാണ് പറഞ്ഞതോടെ എൽ.ഡി.എഫ് കൗൺസിലർമാർ യോഗം തടസപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അജൻഡകൾ ഓരോന്നായി വായിച്ചു തീർത്തു പാസാക്കിയതെന്നും ചെയർപേഴ്സൺ പ്രതികരിച്ചു. പൊതുജനത്തിനിടയിൽ തെറ്റിദ്ധാരണ പരത്താനാണ് എൽ.ഡി.എഫിന്റെ ശ്രമമെന്നും ബീന ശശിധരൻ പറഞ്ഞു.