മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പരിധിയിൽ വരുന്ന വിവിധ കോൺവെന്റുകളിൽ കന്യാസ്ത്രീകളുടെ വോട്ട് നീക്കം ചെയ്യാൻ സി.പി.എം ശ്രമിക്കുന്നതായുള്ള തെറ്റായ പ്രചാരണം നടത്തുന്നത് കോൺഗ്രസ് പ്രവർത്തകർ അവസാനിപ്പിക്കണമെന്ന സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ആവശ്യപ്പെട്ടു. മൂവാറ്റുപുഴ നഗരസഭയിൽ വോട്ടർപട്ടികയിൽ ക്രമക്കേട് കാണിക്കുന്ന ഒരു കാര്യങ്ങളും സി.പി.എം പ്രവർത്തകർ നടത്തിയിട്ടില്ല. ക്രമക്കേട് നടത്തിയ യു.ഡി.എഫാണെന്ന് തെളിവ് സഹിതം മുനിസിപ്പൽ സെക്രട്ടറിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് പ്രവർത്തകരാണ് സ്ഥിരതാമസക്കാരായ എൽ.ഡി.എഫ് കൗൺസിലർ അടക്കമുള്ളവരുടെ വോട്ട് നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടുള്ളത്.
വാർഡിൽ താമസക്കാരല്ലാത്തവരുടെയും മറ്റ് സ്ഥലങ്ങളിൽ വോട്ടുള്ളവരുടെയും മരണപ്പെട്ടവരുടെയും പേരുകൾ നീക്കം ചെയ്യാൻ എൽ.ഡി.എഫ് പ്രവർത്തകർ നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അത് ഒരു പ്രത്യേക സമുദായത്തിലെ മഠത്തിലെ വോട്ടുകൾ ആണോ വീടുകളിലെ വോട്ടുകൾ എന്ന് നോക്കിയല്ല. നഗരസഭയിലെ പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ഒരു കോൺവെന്റിലെ വോട്ടുള്ളവർ ഇരുപതാം വാർഡിലെ വോട്ടർ പട്ടികയിലും പേര് ഉള്ളത് ചൂണ്ടിക്കാണിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഒരാളുടെ വോട്ട് കരിമണ്ണൂർ പഞ്ചായത്തിൽ എട്ടാം വാർഡിലെ മഠത്തിലും ഉണ്ട്. ഇതല്ലാം പരിശോധിച്ച് അവരുടെ വോട്ടുകൾ ഒരു സ്ഥലത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുള്ളത്. വ്യക്തമായ രേഖകൾ സഹിതമാണ് അപേക്ഷ നൽകിയിട്ടുള്ളതെന്നും അനീഷ് എം. മാത്യു പറഞ്ഞു.