പെരുമ്പാവൂർ: വിദേശത്ത് താമസമാക്കിയ കൂട്ടുകാരന്റെ വീട് അലങ്കരിക്കാനുള്ള മ്യൂറൽ പെയിന്റിംഗിന്റെ അവസാന മിനുക്കുപണിയിലാണ് വളയൻചിറങ്ങര സ്വദേശിയും ചിത്രകാരനുമായ പി.പി. രാജേന്ദ്രൻ കർത്ത. അഞ്ചര അടി ഉയരവും മൂന്നര അടി വീതിയുമുള്ള ചിത്രമാണ് കാനഡയിൽ താമസിക്കുന്ന സുഹൃത്ത് വിവേക് ശിവന്റെ വസതി അലങ്കരിക്കാനായി ഇദ്ദേഹം ഒരുക്കുന്നത്. ശ്രീകൃഷ്ണനെ മാത്രം പ്രതിപാദിച്ചാണ് ഈ മ്യൂറൽ പെയിന്റിംഗ് രാജേന്ദ്രൻ കർത്ത പൂർത്തിയാക്കിയിരിക്കുന്നത്.
ഒരു മാസത്തോളം സമയമെടുത്താണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. ഈ വലിപ്പത്തിൽ ഒരൊറ്റ രൂപത്തിന്റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഉൾപ്പെടെ വിവിധ ഡിസൈൻ നൽകിയ ശേഷം അവ മൊത്തം മഷി എഴുതി തെളിയിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് രാജേന്ദ്രൻ പറഞ്ഞു. അടുത്തിടെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ശ്രീകോവിലിലെ ചുവർചിത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ കർത്ത പങ്കാളിയായിരുന്നു. ഈ രംഗത്തെ ഉന്നതരായ കലാകാരന്മാർക്കൊപ്പം ഒരു മാസക്കാലത്തോളം ഗുരുവായൂരിൽ ചുവർചിത്ര രചനയിൽ പങ്കാളിയാകാൻ ലഭിച്ച അവസരം തനിക്കു ലഭിച്ച മഹാഭാഗ്യങ്ങളിലൊന്നായി ഇദ്ദേഹം കരുതുന്നു. സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടെ ചിത്രീകരണം നടത്തിയിട്ടുള്ള പി.പി. രാജേന്ദ്രൻ കർത്തക്ക് കേരള ലളിതകല അക്കാഡമിയുടെയും കേരളകാർട്ടൂൺ അക്കാഡമിയുടെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.