aju
മൂവാറ്റുപുഴ അജു ഫൗണ്ടേഷനും കുമാരനാശാൻ പബ്ലിക് ലൈബ്രറിയും ചേർന്ന് മൂവാറ്റുപുഴ എസ്.എൻ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാനുമാഷ് അനുസ്മരണ യോഗത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ പ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: പ്രൊഫ. എം.കെ. സാനു മാനവീകതയുടെ ദർശനങ്ങൾ മനുഷ്യമനസിൽ പതിപ്പിച്ചുനൽകിയ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അജു ഫൗണ്ടേഷനും കുമാരനാശാൻ പബ്ലിക് ലൈബ്രറിയും ചേർന്ന് മൂവാറ്റുപുഴ എസ്.എൻ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാനുമാഷ് അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ അറിഞ്ഞ് ആദരിക്കുന്നയാളായിരുന്നു സാനുമാഷ് . നന്മയുള്ളവർക്കുമാത്രമെ നന്മയെകുറിച്ച് പറയുവാനും എഴുതുവാനും കഴിയൂവെന്നും നന്മയുടെ അവതാരപുരുഷനായിരുന്ന സാനുമാഷ് കൊച്ചി നഗരത്തിലൂടെ നടന്നുപോകുമ്പോൾ യേശുദേവനെയാണ് ഓർമ്മപ്പെടുത്തുന്നതെന്നും സെബാസ്റ്ര്യൻ പോൾ പറഞ്ഞു.

സാനു മാഷിന്റെ ഓർമ്മ എക്കാലവും നിലനിറുത്താൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ച് അജു ഫൗണ്ടേഷൻ ആലോചിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ചടങ്ങിൽ അജു ഫൗണ്ടേഷൻ ഡയറക്ടർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, അഡ്വ. ടി.എസ്. റഷീദ്, രഞ്ചൻ പിറമഠത്തോട്ടം, രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽ കുമാർ, പിന്നാക്ക വിഭാഗ വികസന കോപ്പറേഷൻ മുൻ ചെയർമാൻ അഡ്വ. സുരേഷ് എന്നിവർ പങ്കെടുത്തു.