പറവൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റാറ്റുകര - പൂയപ്പിള്ളി ശാഖ കളരിക്കൽ ശ്രീബാലഭദ്രേശ്വരി ദേവിക്ഷേത്രത്തിൽ മോഷണം. വെള്ളിയാഴ്‌ച വൈകിട്ടാണ് മോഷണം നടന്ന വിവരം ക്ഷേത്രം ഭാരവാഹികൾ അറിഞ്ഞത്. ക്ഷേത്രത്തിലെ സ്‌റ്റേജിന്റെ പിന്നിലുള്ള സ്‌റ്റോർ റൂമിന്റെ താഴ് അറുത്ത് അകത്ത് കയറിയ മോഷ്ടാവ് അതിൽ സൂക്ഷിച്ചിരുന്ന ഓടിന്റെ തട്ട് വിളക്ക് മോഷ്ടിച്ചു. പഴയ ക്ഷേത്രം പൊളിച്ചപ്പോൾ അഴിച്ചുവച്ചിരുന്ന ഏഴ് തട്ടിന്റെ വിളക്കാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷം രൂപയോളം വിലവരും. മറ്റൊന്നും നഷ്ട‌പ്പെട്ടിട്ടില്ല. വടക്കേക്കര പൊലീസ് സംഭവസ്‌ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.