കോതമംഗലം: ഉൗന്നുകല്ലിലെ മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ വീട്ടുവളപ്പിലെ മാൻഹോളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഏതാനും ദിവസം മുമ്പ് കാണാതായ കുറുപ്പംപടി വേങ്ങൂർ കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്തയുടേതാണെന്ന് (61) തിരിച്ചറിഞ്ഞു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിയ അടുത്ത ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടത്തിന് ശേഷം നേര്യമംഗലത്ത് സംസ്കരിച്ചു.
പ്രതി നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ഹോട്ടൽ തൊഴിലാളി അടിമാലി സ്വദേശി രാജേഷിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇയാൾ സഞ്ചരിച്ച വെള്ള വാഗണർ കാർ കോതമംഗലം ടൗണിൽ ഉപേഷിക്കപ്പെട്ട നിലയിൽ ഇന്നലെ കണ്ടെത്തി. ശാന്തയുടെ ദേഹത്ത് നിന്ന് കാണാതായ സ്വർണാഭരണങ്ങളും വീണ്ടെടുത്തു.
കോതമംഗലത്തെ ഹോട്ടലിലാണ് രാജേഷ് ജോലിചെയ്തിരുന്നത്. ശാന്തയെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതി അന്വേഷിച്ച കുറുപ്പുംപടി പൊലീസ് രാജേഷിന്റെ ഫോണിൽനിന്നാണ് ശാന്തയ്ക്ക് അവസാനമായി കോൾ വന്നതെന്ന് കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനുശേഷം രാജേഷ് നേര്യമംഗലത്തെ വീട്ടിലുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച ഇവിടെനിന്ന് കടന്നു. മൃതദേഹം കാണപ്പെട്ട വീടിന്റെ ഉടമ വീട്ടിൽ ആരോ അതിക്രമിച്ചുകയറിയതായി പൊലീസിന് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്. മൃതദേഹം അഞ്ച് അടിയോളം ആഴമുള്ള മാൻഹോളിൽ സുരക്ഷിതമായി മൂടിയെങ്കിലും ദുർഗന്ധം വമിച്ചതാണ് സംഭവം പുറംലോകം അറിയാനിടയാക്കിയത്.
കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് പൊലീസ് പരിശോധിക്കുന്നു. ആഭരണങ്ങൾ കവരാൻ വേണ്ടിയാകാം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
പെരുമ്പാവൂർ എഎസ്.പിയും മൂവാറ്റുപുഴ ഡിവൈ.എസ്.പിയും അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.