കൊച്ചി: സ്വകാര്യ ടൂർ ആൻഡ് ട്രാവൽസ് സ്ഥാപനത്തിൽ 4.68 കോടി രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ്ചെയ്തു. സ്ഥാപനത്തിലെ സെയിൽസ് എക്സിക്യുട്ടീവ് വടക്കൻ പറവൂർ സ്വദേശി പ്രിയങ്കയാണ് (30) പിടിയിലായത്.

സ്ഥാപനത്തിന്റെ ബിസിനസ് ഇടപാടുകാരായ എയർ എഷ്യ, എയർ അറേബ്യ വിമാന കമ്പനികൾക്ക് സ്ഥാപനം ഡെപ്പോസിറ്റ് ഇനത്തിൽ നൽകേണ്ട 4.86 കോടിയാണ് ജീവനക്കാരി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്. 2024 ജനുവരി മുതൽ 2025 ആഗസ്റ്റ് 22 വരെ പല തവണകളായാണ് തുക വകമാറ്റിയെടുത്തത്. ഈ തുക ഓൺലൈൻ ഇടപാടിലൂടെ നിക്ഷേപം നടത്തി.

ബെനഫിഷ്യറികളായി വിമാനക്കമ്പനികളുടെ പേരാണ് നൽകിയത്. ഡെപ്പോസിറ്റ് തുക കിട്ടാത്തതിനാൽ വിമാന കമ്പനികൾ ബന്ധപ്പെട്ടപ്പോഴാണ് സ്ഥാപനം തട്ടിപ്പ് തിരിച്ചറിയുന്നതും ജനറൽ മാനേജർ പൊലീസിൽ പരാതി നൽകിയതും.

ജീവനക്കാരിയും സൈബർതട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.