samantha

തൃപ്പൂണിത്തുറ: ഫുട്ബാളിന് ദേശീയ താരങ്ങളെയടക്കം സംഭാവന നൽകിയ ജി.വി.രാജ സ്പോർട്സ് സ്കൂളിൽ നിന്ന് പെൺകുട്ടികളുടെ സബ്‌ജൂനിയർ വിഭാഗത്തിൽ കേരള ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉദയംപേരൂർ സ്വദേശിനി സാമന്തയും. ജി.വി രാജാ സ്പോർട്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സാമന്ത പന്ത്രണ്ടാം വയസിൽ കണ്ണൂർ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചു കൊണ്ട് ജില്ലകൾ തമ്മിലുള്ള ഫുട്ബാൾ മത്സരത്തിൽ 14 ഗോളുകൾ നേടി മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതാണ് കേരള ടീമിലേക്ക് വഴിതുറന്നത്.

ആഗസ്റ്റ് 25 മുതൽ സെപ്തംബർ മൂന്നു വരെ ഛത്തീസ്ഗഡിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ ലെഫ്റ്റ് വിംഗ് ഫോർവേഡ് ആയ സാമന്തയും കേരള ടീമിന് വേണ്ടി ഇറങ്ങും. അഞ്ചാം ക്ലാസ് മുതൽ പന്ത് തട്ടി തുടങ്ങിയ സാമന്ത ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. ഉദയംപേരൂർ കണ്ണങ്കേരിൽ സനു-ടിന്റു ദമ്പതികളുടെ മൂത്ത മകളാണ് സാമന്ത.