പറവൂർ: രാത്രി ഒരു അജ്ഞാത സംഘം ഇറങ്ങി നടക്കുന്നതായി സംശയം. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടരയോടെ സ്‌റ്റേഡിയം റോഡിന് സമീപത്തെ വീടുകളുടെ സമീപം ഇവർ തലങ്ങും വിലങ്ങും നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ദൃശ്യങ്ങളിൽ കാണുന്ന 3 യുവാക്കളിൽ ഒരാൾ ഹെൽമറ്റ് ധരിക്കുകയും മറ്റൊരാൾ മുഖം മറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൈവശം ഒരു വടിയുമുണ്ട്. പുല്ലംകുളം സ്‌കൂളിന്റെ ഭാഗത്തു നിന്നും സമാനമായ ദൃശ്യങ്ങൾ ലഭിച്ചെന്നു നഗരസഭപൊതുമരാമത്ത് സ്‌ഥിരസമിതി അദ്ധ്യക്ഷൻ സജി നമ്പിയത്ത് പറഞ്ഞു. മുൻപ്, കേസരി റോഡിന്റെ ഭാഗത്ത് നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ചിലർ രാത്രി ബഹളമുണ്ടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മുനമ്പം ഡിവൈ.എസ്‌.പി എസ്.ജയകൃഷ്ണൻ പറഞ്ഞു.