കൊച്ചി: സ്‌റ്റേഡിയം ലിങ്ക് റോഡ് തകർന്ന് തരിപ്പണമായത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ഫലം കണ്ടു. തമ്മനം ഭാഗത്തേക്കുള്ള സ്‌റ്റേഡിയം ലിങ്ക് റോഡ് ഭാഗത്താണ് ടാറിംഗ് ആരംഭിച്ചത്. ഇതിനോടകം 200 മീറ്ററോളം ഭാഗം ടാറിംഗ് പൂർത്തീകരിച്ചു. ഒരു ഭാഗം ടാറിംഗ് പൂർത്തീകരിച്ച ശേഷമാകും അടുത്ത ഭാഗത്ത് ടാറിംഗ് ആരംഭിക്കുക.
ഇതിനു മുന്നോടിയായി ഇരുഭാഗങ്ങളിലെയും വലിയ കുഴികൾ അടച്ച് മെറ്റൽ വിരിച്ചു. റോഡിന്റെ ഇരുവശങ്ങളും തകർന്ന് തരിപ്പണമായത് സംബന്ധിച്ച് കേരളകൗമുദി ഒന്നിലേറെത്തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ബി.എം ബി.സി ടാറിംഗ് ആരംഭിച്ചത്.
കാരണക്കോടത്തിന് ശാപമോക്ഷമില്ല
സ്‌റ്റേഡിലം ലിങ്ക് റോഡ് ആരംഭിക്കുന്ന തമ്മനം പുല്ലേപ്പടി റോഡിൽ നിന്നുള്ള ഭാഗം തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതക്കുരുക്ക് തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇവിടെ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. സ്റ്റേഡിയം ലിങ്ക് റോഡ് ടാറിംഗിന്റെ അവസാന ഘട്ടത്തിൽ ഇവിടെയും ബി.എം ബി.സി നിലവാരത്തിൽ തന്നെ ടാർ ചെയ്യുമെന്നാണ് സൂചന.
സി.എസ്.എം.എല്ലുമായി ചേർന്നാണ് സ്‌റ്റേഡിയം ലിങ്ക് റോഡ് ടാറിംഗ് ആരംഭിച്ചിട്ടുള്ളത്. 2021-22 വർഷമാണ് സ്‌റ്റേഡിയം ലിങ്ക് റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്തത്. ഇത്രവേഗം റോഡ് തകർന്നതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.