krishnankutty
കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: തോറിയം ഇന്ധനമായ ആണവ റിയാക്ടർ കേരളത്തിൽ സ്ഥാപിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തെറ്റായ വൈദ്യുതി നയങ്ങളെ ബദൽ നയങ്ങൾ ആവിഷ്‌കരിച്ച് ചെറുക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഈ ബദൽ സംവിധാനങ്ങളെ തകർക്കാനാണ് കേന്ദ്രം സാമ്പത്തിക ഉപരോധമുൾപ്പെടെ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ കെ.എസ്.ഇ.ബിയുടെ പരിഷ്‌കരണവുമായി ബന്ധപ്പെടുത്തുകയാണ്. 2030ൽ 10,000 മെഗാവാട്ട് എന്ന പ്രഖ്യാപിത ലക്ഷ്യം നേടാൻ ജലവൈദ്യുതി പദ്ധതികൾ മൗലിക പരിസ്ഥിതി വാദം മറി കടന്ന് പ്രാവർത്തികമാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഊർജ സംരക്ഷണ പുരസ്‌കാര വിതരണവും ലോഗോ അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ. ഇന്ദിര അദ്ധ്യക്ഷയായി. സെൻട്രൽ സോണൽ സെക്രട്ടറി എൻ. നന്ദകുമാർ, ടി.പി. സൂരജ് എന്നിവർ സംസാരിച്ചു.