കൊച്ചി: അശാസ്ത്രീയ പരിഷ്‌കരണങ്ങളിലൂടെയും ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകളെ ഇല്ലാതാക്കിയും മേഖലയെ തകർക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അവകാശ സംരക്ഷണ കൺവെൻഷൻ പ്രഖ്യാപിച്ചു. അവകാശങ്ങൾക്കായി നിലകൊള്ളുന്നതും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതുമായ സംഘടനകളെ ഇല്ലാതാക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും അന്യായമായ റഫറണ്ടത്തെ ചെറുക്കുമെന്നും എച്ച്.എസ്.എസ്.ടി.എ വ്യക്തമാക്കി.
കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ അദ്ധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, അദ്ധ്യാപകർക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അദ്ധ്യാപകരുടെയും ഒഴിവുകൾ നികത്തുക, അധിക ബാച്ചുകളിൽ തസ്തിക സൃഷ്ടിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ മുന്നോട്ടുവച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിട് മൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, ട്രഷറർ എം. റിയാസ്, സംസ്ഥാന നേതാക്കളായ ഡോ.എസ്.എൻ. മഹേഷ് ബാബു, അഭിലാഷ് എം.വി, കെ.പി. അനിൽകുമാർ, ടി.എസ്. ഡാനിഷ്, കെ. സദാശിവൻ, സി.എൻ. വിൻസൺ, ഉമർ കെ.ടി, ഡോ. എസ്. ശേഖർ, സനോജ് ജോർജ്, കെ. സനോജ് എന്നിവർ സംസാരിച്ചു.