പറവൂർ: സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകാത്തതിനാൽ പറവൂർ - വടക്കുപുറം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. 40 സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ ബസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. ഈ റൂട്ട് കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ദേശസാൽകൃത റൂട്ടായി പ്രഖ്യാപിച്ചതിനാലാണ് സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാത്തത്. എന്നാൽ, കെ.എസ്.ആർ.ടി.സി ആവശ്യത്തിന് സർവീസ് നടത്തുന്നുമില്ല. ആകെ രണ്ട് സർവീസ് മാത്രമാണുള്ളത്. ദേശസാൽകൃത റൂട്ടായി പ്രഖ്യാപിച്ചെങ്കിലും കുറച്ച് നാൾ മുമ്പ് വരെ സ്വകാര്യ ബസുകൾക്ക് നാല് മാസം കാലാവധിയിൽ പെർമിറ്റ് നൽകിയിരുന്നു. തീരുന്ന മുറയ്ക്ക് വീണ്ടും നാല് മാസത്തേക്ക് പുതുക്കുകയായിരുന്നു പതിവ്. എന്നാൽ, കുറച്ചുനാളായി പെർമിറ്റ് തീരുന്ന ബസുകൾക്ക് പുതുക്കി നൽകുന്നില്ല.
സമരത്തിലേക്ക് നീങ്ങുന്നു
ഓരോ ബസുകൾക്കും ഓരോ സമയത്താണ് പെർമിറ്റ് കാലാവധി തീരുന്നത്. അതിനാൽ, ബസ് സർവീസുകൾ ഒരുമിച്ച് ഇല്ലാതാകുന്നില്ലെങ്കിലും ഘട്ടം ഘട്ടമായി കുറയുകയാണ്. ഈ സ്‌ഥിതി തുടർന്നാൽ ഏറെ താമസിയാതെ ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ സർവീസ് പൂർണമായി നിലയ്ക്കും. പറവൂരിൽ നിന്ന് കോട്ടയിൽ കോവിലകം, പഴമ്പിള്ളിത്തുരുത്ത്, വടക്കുംപുറം, ഗോതുരുത്ത് വഴി മൂത്തകുന്നം, മാല്യങ്കര, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്കാണ് സർവീസുള്ളത്.
യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടിൽ ബസുകൾ കൂടി ഇല്ലാതായാൽ ജനങ്ങൾ ദുരിതത്തിലാകും.
വിദ്യാലയങ്ങൾ, പഞ്ചായത്ത് ഓഫിസ്, രജിസ്ട്രാർ ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം തുടങ്ങി പല സ്‌ഥാപനങ്ങളും മേഖലയിലുണ്ട്. ബസുകളുടെ പെർമിറ്റ് പുതുക്കി കിട്ടാത്തതിനാൽ ബസ് ഉടമകളും ട്രേഡ് യൂണിയനുകളും കടുത്ത പ്രതിഷേധത്തിലാണ്.
പെർമിറ്റ് പുതുക്കില്ലെന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു.
ട്രിപ്പ് മുടക്കുന്നതായി പരാതി
ഒട്ടുമിക്ക ബസുകളും യാത്രക്കാർ കുറവുള്ള സർവീസുകൾ മുടക്കുന്നതായി പരാതിയുമുണ്ട്. കൂടുതലും രാത്രിയിലെ ട്രിപ്പുകളാണ് മുടക്കുന്നത്. ഉച്ചക്ക് ശേഷമുള്ള ട്രിപ്പുകളും പല ബസുകളും മുടക്കുന്നുണ്ട്. രാത്രി എട്ട് മണിക്ക് ശേഷം പലഭാഗത്തേക്കും സർവീസ് ഇല്ല. ഇത് യാത്രക്കാർക്ക് വീടുകളിലെത്താൻ മറ്റു യാത്രമാർഗങ്ങൾ ആശ്രയിക്കേണ്ടി വരുന്നുണ്ട്. റോഡുകൾ തകർന്നതും ഗതാഗതകുരുക്കും മൂലം പല ട്രിപ്പുകളും കൃത്യമയത്ത് നടത്താൻ സാധിക്കുന്നില്ലെന്നും ഇതിനാലാണ് ട്രിപ്പുകൾ മുടങ്ങുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.
ബോണസ് 30 മുതൽ വിതരണം
പറവൂർ - വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2025 - 2026 വർഷത്തെ ബോണസ് നിശ്ചയിച്ചു. ഡ്രൈവർക്ക് 6,000 രൂപയും കണ്ടക്‌ടർക്ക് 5,300 രൂപയും ഡോർ ചെക്കറിന് 4,700 രൂപയുമാണ് ബോണസ്. 30 മുതൽ വിതരണം ചെയ്യും. കഴിഞ്ഞ വർഷം ഡ്രൈവർ 5,800, കണ്ടക്ടർ 5,100, ഡോർ ചെക്കർ 4,500 രൂപയുമായിരുന്നു ബോണസ്. തൊഴിലാളികളുടെ ദിവസവേതനം പുതുക്കിയിട്ടില്ല. തൊഴിലാളികളുടെ വേതനത്തിൽ മാറ്റമില്ല. ഡ്രൈവർക്ക് 1,200, കണ്ടക്ടർക്ക് 1,000, ഡോർ ചെക്കർ 850 എന്നതാണ് 2021ൽ യൂണിയൻ നിശ്ചയിച്ചിട്ടുള്ള വേതനം. അഞ്ച് വർഷം കഴിഞ്ഞാലെ വേതനം പുതുക്കൂ. എന്നാൽ, യൂണിയൻ നിശ്ചയിച്ചതിലും കൂടുതൽ വേതനം ഭൂരിഭാഗം തൊഴിലാളികൾക്കും ബസുടമകൾ നൽകുന്നുണ്ട്.