binani-zinc
എടയാർ ബിനാനി സിങ്ക് ലിമിറ്റഡ് കമ്പനി കവാടത്തിനു മുന്നിൽ ചേർന്ന യൂണിയൻ മീറ്റിംഗ്

കളമശേരി: എടയാർ ബിനാനി സിങ്കിലെ സംയുക്ത യൂണിയൻ മീറ്റിംഗിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് തൊഴിലാളികൾ .

ഇന്നലെ രാവിലെ 10 ന് കമ്പനി കമ്പനി കവാടത്തിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുകൂട്ടിയ മീറ്റിംഗിലാണ് പ്രതിഷേധമുണ്ടായത്.

നേതാക്കൾ മാനേജ്മെന്റിന്റെ പക്ഷത്താണോ എന്ന് ചോദിച്ചായിരുന്നു തൊഴിലാളികൾ പ്രതിഷേധിച്ചത്. കമ്പനിയിലെ നിലവിലെ സാഹചര്യങ്ങൾ അറിയിക്കാൻ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് തൊഴിലാളികളുടെ മരണ അറിയിപ്പും അനുശോചന സന്ദേശങ്ങളും അറിയിക്കാനുള്ളതായി മാറിയെന്നും ആരോപണം ഉയർന്നു. ഫോൺ വിളിച്ചാൽ പ്രമുഖരായ നേതാക്കൾ അടക്കം ആരും ഫോണെടുക്കുന്നില്ലെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി.

ശമ്പള കുടിശിക അടക്കമുള്ള അനൂകൂല്യങ്ങൾക്കായി എടയാർ ബിനാനി സിങ്കിലെ ജീവനക്കാരുടെ കാത്തിരിപ്പിന് ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഈ സാഹചര്യത്തിലും പൂട്ടിക്കിടക്കുന്ന വ്യവസായശാലകളിലെ ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച 2000 രൂപയെങ്കിലും കിട്ടുമോ എന്ന തൊഴിലാളികളുടെ ചോദ്യത്തിന് പോലും യൂണിയൻ നേതാക്കൾക്ക് കൃത്യമായ ഉത്തരം കൊടുക്കാൻ കഴിയുന്നില്ല.

ജില്ലാ കളക്ടർക്ക് നിവേദനം, ഹൈക്കാടതിയിൽ പരാതി, 29 ലെ ബോർഡ് മീറ്റിംഗ് തീരുമാനം അറിയും വരെ കാത്തിരിക്കുക, തുടർന്ന് ജനറൽ ബോഡി വിളിക്കുക, പ്ലാന്റ് പൊളിച്ച് വിൽക്കുന്നതിന് നേതൃത്വം നൽകിയ ബിസ്മിത്ത് എന്ന ഉദ്യോഗസ്ഥൻ നൽകിയ ബ്ളാങ്ക് ചെക്ക് ഹാജരാക്കുക തുടങ്ങിയ തീരുമാനങ്ങൾ കൈക്കൊണ്ട് യോഗം പിരിഞ്ഞു.

കോമിൻ കോബിനാനി സിങ്ക് എംപ്ലോയിസ് അസോസിയേഷൻ സെക്രട്ടറി കെ.വി. ഉണ്ണിക്കൃഷ്ണൻ, കോമിൻ കോ ബിനാനി സിങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.പി. ജോയ് , കോമിൻ കോ ബിനാനി എംപ്ലോയീസ് യൂണിയൻ ലീഡർ ലാൽ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.