തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ അത്തം ഘോഷയാത്ര നാളെ. രാവിലെ 9 മണിക്ക് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ എല്ലാ ഭാഗത്തും ഒരുക്കങ്ങൾ പൂർത്തിയായി. സ്റ്റാച്യു ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കൊച്ചി മഹാരാജാവ് രാമവർമ തമ്പുരാന്റെ പ്രതിമയ്ക്ക് ചുറ്റും അലങ്കാരങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. അത്തം ആഘോഷത്തെ വരവേൽക്കുന്ന കൗണ്ട്ഡൗൺ ബോർഡും നഗരസഭ ഓഫീസ് കവാടത്തിന് മുൻപിൽ സ്ഥാപിച്ചു. ലായം കൂത്തമ്പലത്തിൽ വിപണന മേളയും ആരംഭിച്ചു. കച്ചവട സ്ഥാപനങ്ങൾ എല്ലാം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. കഴിഞ്ഞ കാഴ്ച മുതൽ തുണിക്കടകളിലും തിരക്ക് ഏറിയിട്ടുണ്ട്.

പ്രധാന ആകർഷണങ്ങളിൽ ഒന്നായ അത്തം ഗ്രൗണ്ടിലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ നിർമ്മാണവും പൂർത്തിയാകുന്നു. അത്തം നാൾ മുതൽ ഇവ പ്രവർത്തനം തുടങ്ങും. പാർക്കിലെ മരണക്കിണറും ആകാശ ഊഞ്ഞാലും ഉൾപ്പെടെയുള്ള 12 റൈഡുകളും സജ്ജമായി.ഒപ്പം ഫുഡ് കോർട്ടും ഉണ്ട്. 35 ലക്ഷം രൂപയ്ക്കാണ് നഗരസഭയിൽ നിന്ന് ഒറ്റപ്പാലത്തുള്ള കമ്പനി അമ്യൂസ്മെന്റ് പാർക്ക് ലേലത്തിൽ എടുത്തിട്ടുള്ളത്.

1.നഗരത്തിൽ നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ ഗതാഗത നിയന്ത്രണം.

2. അത്തം ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പ്രത്യേക അതിഥികളായി ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുക്കും.

3. ഇത്തവണത്തെ അത്തച്ചമയം ഭിന്നശേഷി സൗഹൃദം.

4. അത്തം നഗറിൽ ഉയർത്താനുള്ള പതാക ഇന്ന് വൈകിട്ട് നാലിന് നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ് ഏറ്റുവാങ്ങും.

5. ചെറു ഘോഷയാത്രയായി അത്തം നഗറിലേക്ക് പതാക എത്തിക്കും.

6.അത്തംഘോഷയാത്ര യിൽ 20നിശ്ചലദൃശ്യങ്ങളും 300ലേറെ കലാകാരന്മാരും അണിനിരക്കും.